കൊളംബോ: ഇന്ത്യ- ശ്രീലങ്ക ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോൾ ഇന്നലെ നടന്ന രണ്ടാം മത്സരം ശ്രീലങ്ക ജയിച്ചിരുന്നു. ഇതോടെ മൂന്നാം മത്സരത്തില്‍ ജയിക്കുന്നവർ പരമ്പര സ്വന്തമാക്കും. രാത്രി എട്ടിനാണ് മത്സരം നടക്കുന്നത്.
ആദ്യ മത്സരത്തിൽ 38 റൺസിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. രണ്ടാം മത്സരം നാല് വിക്കറ്റിന് ലങ്കയും സ്വന്തമാക്കി. കൊവിഡ് സ്ഥിരീകരിച്ച ക്രുണാല്‍ പാണ്ഡ്യയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട താരങ്ങളുടെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, ദീപക് ചാഹര്‍, കൃഷ്ണപ്പ ഗൗതം, ഇഷാന്‍ കിഷന്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നീ താരങ്ങളുടെ പരിശോധന ഫലം നെഗറ്റീവാണെങ്കിലും ഇന്നും പുറത്തിരിക്കേണ്ടി വന്നേക്കും. ഇതോടെ നാല് ബാറ്റ്സ്‌ന്മാരെ മാത്രമേ ടീമിന് ലഭ്യമാവൂവെന്നത് ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്.
പരമ്പരയില്‍ ലഭിച്ച അവസരം മുതലാക്കാനാവാത്ത സഞ്ജു സാംസണെ സംബന്ധിച്ച് നിര്‍ണായകം കൂടിയാണ് ഈ മത്സരം. ടി20 ലോക കപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ദേശീയ ടീമില്‍ സ്ഥാനം ഉറപ്പിക്കാൻ സഞ്ജുവിന് മികച്ച പ്രകടം കൂടിയേ തീരൂ. ആദ്യ മത്സരത്തില്‍ 20 പന്തില്‍ 27 റണ്‍സ് കണ്ടെത്തിയ താരം രണ്ടാം ടി20യില്‍ 13 പന്തില്‍ 7 റണ്‍സ് മാത്രമെടുത്ത് നിരാശപ്പെടുത്തി. ഐപിഎല്ലില്‍ മാത്രം മികച്ച പ്രകടനം നടത്തുന്ന താരമെന്ന വിമര്‍ശനങ്ങള്‍ക്ക് ഈ മത്സരത്തിലെങ്കിലും സഞ്ജുവിന് മറുപടി നല്‍കിയേ തീരൂ.
also read: ഒളിമ്പിക്‌സ് ഫുട്ബോൾ : അർജന്‍റീന ക്വാർട്ടർ കാണാതെ പുറത്ത്
അതേസമയം രണ്ടാം ടി20യില്‍ അരങ്ങേറ്റം കുറിച്ച ദേവ്ദത്ത് പടിക്കല്‍, നിതീഷ് റാണ, റിതുരാജ് ഗെയ്‌ക്‌വാദ് എന്നിവരുടേയും പ്രകടനം നിര്‍ണായകമാവും. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 132 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയെ ധനഞ്ജയ ഡി സിൽവയാണ് വിജയത്തിലേക്ക് എത്തിച്ചത്. 34 പന്തുകളിൽ നിന്നും 40 റൺസാണ് ഡി സിൽവ നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് നാല് ഓവറിൽ 30 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. ഭുവനേശ്വർ കുമാർ, ചേതൻ സക്കറിയ, വരുൺ ചക്രവർത്തി, രാഹുൽ ചഹർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ ശിഖർ ധവാൻ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്. 42 പന്തില്‍ 40 റണ്‍സായിരുന്നു താരത്തിന്‍റെ നേട്ടം.