ന്യൂഡല്‍ഹി: ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ലെഗ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്ക് ഒരുങ്ങുന്നത്. ഐപിഎല്ലില്‍ 17 മത്സരങ്ങളില്‍ 27 വിക്കറ്റ് വീഴ്‌ത്തിയ താരം സീസണില്‍ പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയിരുന്നു. പ്രോട്ടീസിനെതിരെയും മികച്ച പ്രകടനം ആവര്‍ത്തിക്കാനാവും എന്ന പ്രതീക്ഷയിലാണ് താരം.
ജൂൺ ഒമ്പതിന് ന്യൂഡൽഹിയിൽ ആരംഭിക്കുന്ന പരമ്പരയില്‍ ഒരു സുപ്രധാന നേട്ടം ചഹലിനെ കാത്തിരിക്കുന്നുണ്ട്. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യൻ ബൗളറെന്ന റെക്കോഡാണ് ചഹലിനെ കാത്തിരിക്കുന്നത്. നിലവില്‍ ആര്‍ അശ്വിന്‍റെ പേരിലുള്ള ഈ നേട്ടത്തിനൊപ്പമെത്താന്‍ രണ്ട് വിക്കറ്റുകള്‍ മാത്രമാണ് ചഹലിന് വേണ്ടത്.
282 ടി20 മത്സരങ്ങളില്‍ 274 വിക്കറ്റുകളാണ് അശ്വിന്‍ നേടിയിട്ടുള്ളത്. 242 മത്സരങ്ങളില്‍ 272 വിക്കറ്റുകളാണ് ചഹലിന്‍റെ പേരിലുള്ളത്. പ്രോട്ടീസിനെതിരെ അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. പരമ്പരയ്‌ക്കുള്ള ടീമില്‍ അശ്വിന്‍ ഉള്‍പ്പെട്ടിട്ടുമില്ല. പ്രോട്ടീസിനെതിരെ തന്നെ ഈ റെക്കോഡ് സ്വന്തമാക്കാന്‍ ചഹലിന് കഴിഞ്ഞേക്കും.
അന്താരാഷ്‌ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളുള്ള ഇന്ത്യന്‍ ബൗളറെന്ന റെക്കോഡ് നിലവില്‍ ചാഹലിന് സ്വന്തമാണ്. 54 മത്സരങ്ങളില്‍ 68 വിക്കറ്റുകള്‍ വീഴ്‌ത്തിയാണ് ചഹലിന്‍റെ റെക്കോഡ് നേട്ടം. 67 വിക്കറ്റുകളുള്ള പേസര്‍ ജസ്‌പ്രീത് ബുംറയാണ് ചഹലിന് പിറകെയുള്ളത്.
also read: ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടങ്ങൾ
അതേസമയം ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളെന്ന റെക്കോഡ് വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയ്‌ന്‍ ബ്രാവോയുടെ പേരിലാണ്. 532 മത്സരങ്ങളില്‍ 582 വിക്കറ്റുകളാണ് താരത്തിന്‍റെ പേരിലുള്ളത്. ഈ പട്ടികയില്‍ നിലവില്‍ അശ്വിന് പിറകില്‍ 18ാം സ്ഥാനത്താണ് ചഹലുള്ളത്.