ന്യൂഡല്‍ഹി: ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ വിവിഎസ് ലക്ഷ്‌മണ്‍ പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ട്. ടി20 ലോകകപ്പിന് പിന്നാലെ ടീമിന്‍റെ മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് വിശ്രമം അനുവദിച്ചതോടെയാണ് ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനായ ലക്ഷ്‌മണിന് ചുമതല നല്‍കുന്നത്. ഇതാദ്യമായല്ല ലക്ഷ്‌മൺ ഇന്ത്യൻ ടീമിന്‍റെ ചുമതല വഹിക്കുന്നത്.
നേരത്തെ സിംബാബ്‌വെ, അയർലൻഡ് പര്യടനങ്ങളിലും തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ഹോം പരമ്പരയിലും ലക്ഷ്‌മൺ ഇന്ത്യയെ പരിശീലിപ്പിച്ചിരുന്നു. നവംബര്‍ 18 മുതല്‍ 30 വരെ നടക്കുന്ന പരമ്പരയില്‍ മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണുള്ളത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍, ആര്‍ അശ്വിന്‍ തുടങ്ങിയ സീനിയര്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇതോടെ ടി20 ടീമിനെ ഹാര്‍ദിക് പാണ്ഡ്യയും ഏകദിന ടീമിനെ വെറ്ററന്‍ താരം ശിഖര്‍ ധവാനുമാണ് നയിക്കുന്നത്. മലയാളി താരം സഞ്‌ജു സാംസണും പര്യടനത്തിന്‍റെ ഭാഗമാണ്. അതേസമയം ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങിയാണ് ഇന്ത്യ പുറത്തായത്.
ഇന്ത്യയുടെ ടി20 ടീം: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്.
ഇന്ത്യയുടെ ഏകദിന ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, ഷഹബാസ് അഹമ്മദ്, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിങ്, ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലിക്ക്.