ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയെ ഫീല്‍ഡിങ്ങിന് അയച്ചു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമാണ് ഇന്ത്യ ഇറങ്ങുന്നതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ അറിയിച്ചു.
പരിക്കേറ്റതിനെ തുടര്‍ന്ന് പുറത്തിരിക്കേണ്ടിവന്ന ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിനാണ് ഇടം നഷ്‌ടമായത്. ഓസീസ് നിരയില്‍ രണ്ട് മാറ്റങ്ങളുണ്ട്. റെൻഷോയ്ക്ക് പുറത്തായപ്പോള്‍ ട്രാവിസ് ഹെഡ് ടീമില്‍ ഇടം നേടി.
സ്‌കോട്ട് ബൊലാന്‍ഡിന് പകരം സ്‌പിന്നര്‍ കുഹ്‌നെമാൻ സംഘത്തിനായി അരങ്ങേറ്റം കുറിക്കും. കാമറൂണ്‍ ഗ്രീനും മിച്ച് സ്റ്റാർക്കും ഈ മത്സരത്തിലും കളിക്കുന്നില്ല. നാല് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ കളി വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്.
നാഗ്‌പൂരില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ ഡല്‍ഹിയില്‍ കളിപിടിച്ച് ഒപ്പമെത്താനാവും ഓസീസിലന്‍റെ ശ്രമം. 2017 ഡിസംബറിന് ശേഷം ഡല്‍ഹിയില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരമാണിത്. 63 വർഷം മുമ്പ് 1959 ഡിസംബറിന് ശേഷം ഡൽഹിയിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കാന്‍ ഓസീസിന് കഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യയ്‌ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും.
കാണാനുള്ള വഴി: ഇന്ത്യ ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയും ഈ മത്സരങ്ങള്‍ സ്‌ട്രീം ചെയ്യാം.
ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (സി), കെ എൽ രാഹുൽ, ചേതേശ്വര് പൂജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, ശ്രീകർ ഭരത്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
ഓസ്‌ട്രേലിയ (പ്ലേയിങ് ഇലവൻ): ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍ , സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, പീറ്റർ ഹാൻഡ്‌സ്‌കോംബ്, അലക്‌സ് കാരി(w), പാറ്റ് കമ്മിൻസ്(സി), ടോഡ് മർഫി, നഥാൻ ലിയോൺ, മാത്യു കുഹ്‌നെമാൻ.