മുംബൈ: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്‍റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. സ്‌പിന്നിനെ പിന്തുണയ്‌ക്കുന്ന പിച്ചില്‍ ഓസീസ് സ്‌പിന്നര്‍മാരാണ് ഇന്ത്യയെ കറക്കി വീഴ്‌ത്തിയത്. എന്നാല്‍ ഇന്ത്യന്‍ സ്‌പിന്നര്‍മാരുടെ പ്രകടനം തന്നെ നിരാശപ്പെടുത്തിയെന്നാണ് മുന്‍ താരം ഹര്‍ഭജന്‍ സിങ് പറയുന്നത്.
ഒരു സ്‌പോര്‍ട്സ് മാധ്യമത്തോടാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നറായ ഹര്‍ഭജന്‍റെ പ്രതികരണം. "ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ മുഴുവൻ കഴിവുകളും ഉപയോഗിക്കണമായിരുന്നു. അവർ അത് ചെയ്തില്ല. അശ്വിന് പന്ത് ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് ഞാൻ സമ്മതിക്കുന്നു.
പക്ഷേ അവന്‍റെ ബോളിങ്ങും എല്ലാവർക്കും ഇഷ്ടപ്പെട്ടില്ല. ആദ്യത്തെ രണ്ടോ മൂന്നോ ഓവറുകളിൽ മൂർച്ചയുള്ളതായിരുന്നു. അതിന് ശേഷം അവന്‍ ചെറുതായി പ്രതിരോധത്തിലായി. നഥാൻ ലിയോണിന്‍റെ ബോളിങ്ങില്‍ കണ്ട സ്പിന്നും ബൗൺസും ഇന്ത്യന്‍ സ്‌പിന്നര്‍മാരില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യൻ സ്പിന്നർമാർ എന്നെ അൽപ്പം നിരാശപ്പെടുത്തി” ഹർഭജൻ പറഞ്ഞു.
ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 76 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ് മത്സരത്തിന്‍റെ മൂന്നാം ദിനമായ ഇന്ന് ആദ്യ സെഷനില്‍ തന്നെ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 78 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നേടിയ 109 റണ്‍സിന് മറുപടിക്കിറങ്ങിയ ഓസീസ് 197 റണ്‍സ് എടുത്തിരുന്നു.
ഇതോടെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 88 റണ്‍സിന്‍റെ ലീഡ് വഴങ്ങി. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ആതിഥേയര്‍ 163 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെയാണ് ഓസീസിന്‍റെ വിജയ ലക്ഷ്യം 76 റണ്‍സ് ആയത്. മത്സരത്തിന്‍റെ മൂന്നാം ദിനമായ ഇന്ന് ആദ്യ സെഷനില്‍ തന്നെ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 78 റണ്‍സെടുത്താണ് സന്ദര്‍ശകര്‍ വിജയം നേടിയത്.
ട്രാവിസ് ഹെഡ് (53 പന്തില്‍ 49*), മാർനസ് ലാബുഷെയ്‌ന്‍ (58 പന്തില്‍ 28*) എന്നിവര്‍ പുറത്താവാതെ നിന്നാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. ഉസ്‌മാന്‍ ഖവാജയുടെ വിക്കറ്റാണ് സംഘത്തിന് നഷ്‌ടമായത്. ആദ്യ ഓവറിന്‍റെ രണ്ടാം പന്തില്‍ തന്നെ ഖവാജയെ അശ്വിനാണ് പുറത്താക്കിയത്. അക്കൗണ്ട് തുറക്കാനാവാതെയാണ് താരം തിരികെ കയറിയത്. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച ഹെഡും ലാബുഷെയ്‌നും ചേര്‍ന്ന് ഓസീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ഇന്‍ഡോറില്‍ തോല്‍വി വഴങ്ങിയെങ്കിലും നാല് മത്സര പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസീസിനെതിരെ മൂന്ന് ബോളര്‍മാരെ മാത്രമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉപയോഗിച്ചത്. ഇതില്‍ സ്‌പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് മിക്ക ഓവറുകളും എറിഞ്ഞത്. എന്നാല്‍ മറ്റ് ബോളർമാരെ കൂടി രോഹിത് പന്തേല്‍പ്പിക്കണമായിരുന്നുവെന്നും ഹർഭജൻ പറഞ്ഞു.
"തീർച്ചയായും, ഏത് ബോളറാണ് അത്തരമൊരു പന്ത് (വിക്കറ്റ് വീഴ്‌ത്താന്‍ കഴിയുന്ന) എറിയുന്നതെന്ന് നിങ്ങൾക്കറിയില്ല, മറ്റ് ബോളര്‍മാരേയും രോഹിത് പന്തേല്‍പ്പിക്കണമായിരുന്നു. മത്സരത്തിന്‍റെ രണ്ടാം ദിനം, ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഓസീസിനെതിരെ ആദ്യം വിക്കറ്റ് നേടിയത് ആര്‍ അശ്വിനാണ്.
പിന്നാലെ ഉമേഷ് യാദവ് വന്ന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഈ പിച്ചിൽ ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തുമെന്ന് ആരാണ് കരുതിയിരുന്നത്, പക്ഷേ അതാണ് സംഭവിക്കുന്നത്". ഹര്‍ഭജന്‍ സിങ് പറഞ്ഞു.
കുറച്ച് ഓവറുകളെങ്കിലും അക്‌സര്‍ പട്ടേലിന് നല്‍കാമായിരുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു. "രവിചന്ദ്രന്‍ അശ്വിന്‍ 10 ഓവറുകളാണ് എറിഞ്ഞത്. അശ്വിനെ ചെറിയ സ്‌പെല്ലുകളിൽ ഉപയോഗിക്കണമായിരുന്നു. നാലോ അഞ്ചോ ഓവറുകള്‍ രവീന്ദ്ര ജഡേജയ്‌ക്ക് നല്‍കി അക്‌സറിന് രണ്ടോ നാലോ ഓവറുകള്‍ നല്‍കാമായിരുന്നു". ഹര്‍ഭജന്‍ പറഞ്ഞു.
ALSO READ: കൂട്ടുകാരി ജോർജി ഹോഡ്‌ജുമായി വിവാഹ നിശ്ചയം നടത്തി ഡാനി വ്യാറ്റ്