സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായ മൂന്നാമത്തെ ടെസ്റ്റില്‍ ഗാലറിയിലെത്തുക 25 ശതമാനം കാണികള്‍ മാത്രം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് ഈ മാസം ഏഴിന് സിഡ്‌നിയില്‍ ആരംഭിക്കും. 48,000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന സിഡ്‌നിയിലെ ഗാലറിയിലേക്ക് കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാകും ആരാധകരെ പ്രവേശിപ്പിക്കുക. ഇരു ടീമുകളും ടെസ്റ്റിന് മുന്നോടിയായി ഇന്ന് സിഡ്‌നിയില്‍ എത്തി. രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ ഐസൊലേഷനില്‍ പ്രവേശിച്ച ശേഷം നടന്ന കൊവിഡ് 19 ടെസ്റ്റില്‍ എല്ലാവര്‍ക്കും നെഗറ്റീവ് ഫലം ലഭിച്ചത് ഇന്ത്യന്‍ ക്യാമ്പിന് ആശ്വാസം പകരുന്നുണ്ട്.
പുതുവര്‍ഷാഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ സംഘം റസ്റ്റോറന്‍റില്‍ പോയി ഭക്ഷണം കഴിച്ചതാണ് വിവാദമായത്. ഓപ്പണര്‍ രോഹിത് ശര്‍മയെ കൂടാതെ നവദീപ് സെയ്‌നി, റിഷഭ് പന്ത്, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും ഇതിനം ഓരോ ജയം വീതം സ്വന്തമാക്കിയിട്ടിടുണ്ട്. പരമ്പരയിലെ മൂന്നാമത്തെ മത്സരമാണ് ഇനി നടക്കാനുള്ളത്.