സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ടീം ഇന്ത്യക്ക് ശുഭവാര്‍ത്ത. പരിക്കില്‍ നിന്നും മുക്തനായി ഹിറ്റ്മാന്‍ രോഹിത് ശര്‍മ ഓസ്‌ട്രേലിയക്ക് വിമാനം കയറുന്നു. വെള്ളിയാഴ്‌ച ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന പരിശോധനയില്‍ ഫിറ്റ്നസ് തെളിയിച്ചതിനെ തുടര്‍ന്നാണ് ഹിറ്റ്മാന് ടീമിന്‍റെ ഭാഗമാകാന്‍ അവസരം ലഭിച്ചിരിക്കുന്നത്.
നേരത്തെ ഐപിഎല്‍ മത്സരത്തിനിടെയാണ് ഇന്ത്യന്‍ ഓപ്പണര്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീം ഇന്ത്യക്ക് ഒപ്പം യാത്ര തുടരാതെ യുഎഇയില്‍ നിന്നും നാട്ടിേലക്ക് മടങ്ങുകയായിരുന്നു. ദീപാവലിക്ക് ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ റീഹാബ് സെന്‍ററില്‍ പ്രവേശിച്ചാണ് ഹിറ്റ്മാന്‍ ഫിറ്റ്നസ് വീണ്ടെടുത്തത്.
അഡ്‌ലെയ്‌ഡ് ടെസ്റ്റിന് ശേഷം നായകന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്ന പശ്ചാത്തലത്തില്‍ രോഹിത് ശര്‍മയുടെ സാന്നിധ്യം ടീം ഇന്ത്യക്ക് ഗുണം ചെയ്യും. അതേസമയം എന്ന് മുതല്‍ രോഹിത് ഇന്ത്യക്ക് വേണ്ടി കളിച്ച് തുടങ്ങുമെന്ന കാര്യത്തില്‍ ഇതേവരെ ബിസിസിഐ വ്യക്തത വരുത്തിയിട്ടില്ല. ഓസ്‌ട്രേലിയയില്‍ എത്തുന്ന രോഹിത് ശര്‍മക്ക് 14 ദിവസം ക്വാറന്‍റൈനില്‍ കഴിയേണ്ടി വരും. ഇതിന് ശേഷമെ ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ സാധിക്കൂ. ഓസ്‌ട്രേലിയക്ക് എതിരെ നാല് ടെസ്റ്റ് മത്സരങ്ങളാണ് ടീം ഇന്ത്യ കളിക്കുന്നത്. സിഡ്‌നിയിലും ബ്രിസ്‌ബണിലും നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ രോഹിത് ശര്‍മ ടീം ഇന്ത്യയുടെ ഭാഗമാകുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന.
നേരത്തെ പരിക്ക് കാരണം ഓസ്‌ട്രേലിയക്ക് എതിരായ നിശ്ചിത ഓവര്‍ പരമ്പരകളില്‍ നിന്നും ബിസിസിഐ രോഹിത് ശര്‍മയെ ഒഴിവാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായ ഏകിദന പരമ്പര 2-1ന് ഓസ്‌ട്രേലിയക്ക ്നഷ്‌ടമായപ്പോള്‍ ടി20 പരമ്പര 2-1ന് വിരാട് കോലിയും കൂട്ടരും സ്വന്തമാക്കി.