ന്യൂഡല്‍ഹി: ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്‍റെ പ്രകടത്തില്‍ പ്രതികരിച്ച് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. കഴിഞ്ഞ നാലഞ്ച് വര്‍ഷത്തിനിടെയുള്ള ടീമിന്‍റെ ഏറ്റവും മോശം പ്രകടനമാണ് ദുബൈയിലുണ്ടായതെന്ന് ഗാംഗുലി പറഞ്ഞു.
2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും തുടര്‍ന്ന് 2019ലെ ഏകദിന ലോകകപ്പ് സെമിയിലും ഇന്ത്യ തോല്‍വി വഴങ്ങിയെങ്കിലും മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ടി20 ലോകകപ്പില്‍ ടീം കഴിവിന്‍റെ 15 ശതമാനം പോലും പുറത്തെടുത്തില്ലെന്നും ഇത് നിരാശയായിരുന്നുവെന്നും ഗാംംഗുലി പ്രതികരിച്ചു.
''സത്യം പറഞ്ഞാൽ, 2017ലും 2019ലും ഇന്ത്യന്‍ ടീമിന്‍റെ പ്രകടനം മികച്ചതായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ നമ്മള്‍ പാകിസ്ഥാനോട് തോറ്റു, അന്ന് ഞാനൊരു കമന്‍റേറ്ററായിരുന്നു.
പിന്നീട് ഇംഗ്ലണ്ടിൽ നടന്ന 2019 ലോകകപ്പ്, എല്ലാവരേയും പരാജയപ്പെടുത്തി സെമിയിലെത്തിയ നമ്മള്‍ ന്യൂസിലൻഡിനോട് തോറ്റു. ഒരു മോശം ദിവസം, അന്നേവരയുള്ള മുഴുവന്‍ പ്രയത്‌നവും ഇല്ലാതാക്കി''. ഗാംഗുലി പറഞ്ഞു
“നമ്മള്‍ ഈ ലോകകപ്പ് കളിച്ച രീതിയിൽ ഞാൻ അൽപ്പം നിരാശനാണ്. കഴിഞ്ഞ നാലഞ്ചു വർഷമായി കണ്ടതിൽ വച്ച് ഏറ്റവും മോശമായ പ്രകടനമായിരുന്നു ടീമിന്‍റേതെന്നാണ് ഞാൻ കരുതുന്നത്“. ഗാംഗുലി വ്യക്തമാക്കി.
also read: Racism Scandal: അസീം റഫീഖിനെതിരായ വംശീയാധിക്ഷേപം; പരിശീലക സംഘം ക്ലബ് വിട്ടതായി യോർക്‌ഷെയർ
അതേസമയം ഇന്ത്യന്‍ സംഘത്തിന് പിഴവ് സംഭവിച്ചത് എവിടെയാണെന്ന് ചൂണ്ടിക്കാണിക്കാന്‍ ഗാംഗുലി ശ്രമിച്ചില്ലെങ്കിലും ചിലപ്പോൾ വലിയ ടൂര്‍ണമെന്‍റില്‍ ടീമുകള്‍ക്ക് ഇത്തരം പിഴവ് സംഭവിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ടൂര്‍ണമെന്‍റിന്‍റെ ഫേവറിറ്റുകളായെത്തിയ ഇന്ത്യയുടെ സെമികാണാതെയുള്ള പുറത്താകല്‍ ക്രിക്കറ്റ് ലോകത്ത് അമ്പരപ്പുണ്ടാക്കിയിരുന്നു. 2012ന് ശേഷം ആദ്യമായായിരുന്നു ടീം ഇന്ത്യ ഒരു ഐസിസി ടൂര്‍ണമെന്‍റിന്‍റെ നോക്കൗട്ടിലെത്താതെ പുറത്താകുന്നത്.