മുംബൈ: വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ഏകദിന ടീമില്‍ ഉള്‍പ്പെട്ട സഞ്‌ജു സാംസണെ ടെസ്റ്റ് ടീമിലേക്കും തെരഞ്ഞെടുക്കാമായിരുന്നുവെന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. സഞ്ജു സാംസണ്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയതില്‍ ഏറെ സന്തോഷമുണ്ട്. കാരണം മികച്ച പ്രതിഭയുള്ള താരമാണവന്‍.
സഞ്‌ജുവിനെ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്താമായിരുന്നു. അതിനുള്ള അവസരമാണ് നഷ്ടമായതെന്നും 73-കാരനായ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം നടത്തിയ യശസ്വി ജയ്‌സ്വാളിനെ ടെസ്റ്റ് ടീമില്‍ മാത്രം ഉള്‍പ്പെടുത്തിയതിനെയും ഗവാസ്‌കര്‍ ചോദ്യം ചെയ്‌തു.
ഐപിഎല്ലിലൂടെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ യശസ്വി ജയ്‌സ്വാള്‍ ഏകദിന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ല എന്നത് നിരാശയാണ്. ഐപിഎല്ലില്‍ സെഞ്ചുറിയടക്കം നേടിക്കൊണ്ട് ഏറെ റണ്‍സ് കണ്ടെത്തി ശ്രദ്ധേയമായ പ്രകടനമായിരുന്നു അവന്‍ നടത്തിയത്. രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ കുമാര്‍ സംഗക്കാരയുടെയും ക്യാപ്റ്റന്‍ സഞ്‌ജു സാംസണിന്‍റെയും പൂര്‍ണ പിന്തുണയും പ്രോത്സാഹനവും അവന് ലഭിച്ചിരുന്നുവെന്നും ഗവാസ്‌കര്‍ പറഞ്ഞു.
ഇന്ത്യയ്‌ക്കായി ഇതേവരെ 11 ഏകദിനങ്ങള്‍ കളിച്ച സഞ്‌ജു സാംസണ്‍ 66 ശരാശരിയില്‍ 362 റണ്‍സാണ് നേടിയിട്ടുള്ളത്. രണ്ട് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെയാണ് 28-കാരന്‍റെ പ്രകടനം. ഐപിഎല്ലിന്‍റെ 16-ാം സീസണിലാവട്ടെ 14 മത്സരങ്ങളില്‍ നിന്നും 153.39 പ്രഹര ശേഷിയില്‍ 362 റണ്‍സാണ് താരം കണ്ടെത്തിയത്.
ഐപിഎൽ 14 കളികളിൽ നിന്ന് 148.73 പ്രഹര ശേഷിയില്‍ 625 റണ്‍സായിരുന്നു രാജസ്ഥാന്‍ ഓപ്പണറായ യശസ്വി ജയ്‌സ്വാൾ അടിച്ച് കൂട്ടിയത്. ഒരു സെഞ്ചുറിയും എട്ട് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെയായിരുന്നു താരത്തിന്‍റെ പ്രകടനം. ഇതിന് പിന്നാലെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സ്റ്റാൻഡ്‌ബൈ പ്ലെയറായും ജയ്‌സ്വാള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അതേസമയം, ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടക്കുക. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുന്നത്. നിലവില്‍ ഏകദിന, ടെസ്റ്റ് ടീമുകളെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ടി20 ടീമിനെ പിന്നീട് പ്രഖ്യാപിക്കും. രോഹിത് ശര്‍മയാണ് രണ്ട് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റില്‍ അജിങ്ക്യ രഹാനെയും ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് വൈസ് ക്യാപ്റ്റന്മാരാവുന്നത്.
ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്, നവ്ദീപ് സൈനി.
ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാർ.