ഡൊമനിക്ക: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ (ജൂലൈ 12) ഡൊമനിക്കയിലെ വിൻഡ്‌സർ പാർക്കിൽ തുടക്കമാവും. ഇന്ത്യന്‍ സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഒരു മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യ വീണ്ടും കളത്തിലെത്തുന്നത്.
മറുവശത്ത് ഏകദിന ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയാത്തതിന്‍റെ ക്ഷീണത്തിലാണ് വെസ്റ്റ് ഇന്‍ഡീസ്. ഇരു ടീമുകള്‍ക്കും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ആദ്യ മത്സരം കൂടിയാണിത്. ഇതോടെ വിജയത്തുടക്കം ലക്ഷ്യമിട്ടാവും ഇന്ത്യയും വിന്‍ഡീസും നാളെ വിൻഡ്‌സർ പാർക്കിൽ ഇറങ്ങുക.
അഴിച്ചുപണിയുടെ വ്യക്തമായ സൂചന നല്‍കിയാണ് ഇത്തവണത്തെ ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പുണ്ടായത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തിളങ്ങാന്‍ കഴിയാതിരുന്ന വെറ്ററന്‍ താരം ചേതേശ്വര്‍ പുജാരയ്‌ക്ക് ടീമില്‍ സ്ഥാനം നഷ്‌ടമയിരുന്നു. യശ്വസി ജയ്‌സ്വാള്‍ പുജാരയ്‌ക്ക് പകരമായി പ്ലേയിങ് ഇലവനില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റെഡ്-ബോൾ ക്രിക്കറ്റിൽ മുംബൈ, വെസ്റ്റ് സോൺ, റെസ്റ്റ് ഓഫ് ഇന്ത്യ എന്നിവയ്ക്കായി ഓപ്പൺ ചെയ്യുന്ന താരമാണ് യശ്വസി ജയ്‌സ്വാള്‍.
നിലവില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്‌മാൻ ഗില്ലുമാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ജയ്‌സ്വാളിന്‍റെ വരവില്‍ ശുഭ്‌മാന്‍ ഗില്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങാനാണ സാധ്യത. മറിച്ചാണെങ്കില്‍ മൂന്നാം നമ്പറിലാവും ജയ്‌സ്വാള്‍ കളിക്കുക. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവര്‍ക്ക് ഏറെ നിര്‍ണായകമായ പരമ്പരയാണിത്. മൂന്ന് വെറ്ററന്‍ താരങ്ങളും നിലവില്‍ വ്യത്യസ്തമായ വെല്ലുവിളികൾ നേരിടുന്നവരാണ്.
രോഹിത്തിനെ സംബന്ധിച്ചിടത്തോളം മോശം ഫോം മറികടക്കേണ്ടത് ഏറെ പ്രധാനമാണ്. റണ്‍സ് വരള്‍ച്ചയ്‌ക്കൊപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ കടുത്ത വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും 36-കാരനായ താരത്തിന് നേരെ ഉയരുന്നത്. ഈ വര്‍ഷം അവസാനത്തില്‍ നടക്കുന്ന ഏകദിന ലോകകപ്പാവും രോഹിത്തിന്‍റെ ഭാവി നിര്‍ണയിക്കുകയെന്ന് പൊതുവെ സംസാരമുണ്ട്.
35-കാരനായ വിരാട് കോലിയും ബാറ്റിങ്ങില്‍ തന്‍റെ താളം വീണ്ടെടുക്കേണ്ടതുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ചേതേശ്വര്‍ പുജാരയ്‌ക്ക് സമാനമായി 30-ല്‍ താഴെയാണ് കോലിയുടെയും ടെസ്റ്റ് ശരാശരി. കോലിയെ സംരക്ഷിക്കാനായി പുജാരയെ ബലിയാടാക്കിയെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്ന് കഴിഞ്ഞിരുന്നു.
അജിങ്ക്യ രഹാനെയെ സംബന്ധിച്ചിടത്തോളം, ഏറെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് താരം ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ വീണ്ടും സജീവമാകുന്നത്. മോശം ഫോമിനെ തുടര്‍ന്ന് ടീമില്‍ സ്ഥാനം നഷ്‌ടമായ രഹാനെ ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലേയും മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തിലേറെ പുറത്തിരുന്നതിന് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്.
തിരിച്ച് വരവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലായിരുന്നു 35-കാരന്‍ ആദ്യം കളിച്ചത്. അവിടെ തിളങ്ങാന്‍ കഴിഞ്ഞതോടെ വൈസ് ക്യാപ്റ്റനായാണ് രഹാനെ വിന്‍ഡീസിനെതിരായ പരമ്പരയ്‌ക്ക് എത്തിയിരിക്കുന്നത്. എന്നാല്‍ പകരക്കാരനെന്ന നിലയില്‍ റിതുരാജ് ഗെയ്‌ക്‌വാദിനെ വളര്‍ത്തിയെടുക്കാന്‍ ബിസിസിഐ ശ്രമങ്ങള്‍ ആരംഭിച്ചതോടെ പരാജയങ്ങള്‍ താരത്തെ വീണ്ടും ടീമിന് പുറത്തേക്ക് നയിക്കും.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്ത് കെഎസ് ഭരത്തിനെ വീണ്ടും പിന്തുണയ്‌ക്കുമോ, അതോ ഇഷാന്‍ കിഷന് അരങ്ങേറ്റത്തിന് അവസരം നല്‍കുമോയെന്നത് കാത്തിരിന്ന് കാണാം. ഇതിനപ്പുറം ശ്രേയസ് അയ്യർ, കെഎൽ രാഹുൽ എന്നിവര്‍ തിരിച്ചെത്തുമ്പോള്‍ ടീം സമവാക്യങ്ങള്‍ വീണ്ടും മാറി മറിയുമെന്നുറപ്പ്.
രണ്ട് സ്‌പിന്നര്‍മാരുമായി ഇന്ത്യ കളിക്കാന്‍ ഇറങ്ങുകയാണെങ്കില്‍ അശ്വിനേയും ജഡേജയേയും ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ കാണാം. ജസ്‌പ്രീത് ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് ഷമിയായിരുന്നു ഇന്ത്യയുടെ പേസ് യൂണിറ്റിനെ നയിച്ചിരുന്നത്. ഷമിക്ക് വിശ്രമം അനുവദിച്ചതോടെ മുഹമ്മദ് സിറാജിനാണ് നിലവില്‍ ചുമതല. ബാറ്റിങ്ങിലെ മികവ് പരിഗണിച്ച് ശാര്‍ദുല്‍ താക്കൂറും പ്ലേയിങ് ഇലവനില്‍ എത്തിയേക്കും.
ഇന്ത്യയുടെ ബോളിങ് യൂണിറ്റിലും കാര്യമായ അഴിച്ചുപണികള്‍ നടക്കുന്നുണ്ട്. ടെസ്റ്റില്‍ പ്രധാന താരമായിരുന്ന ഇഷാന്ത് ശർമ ഈ പരമ്പരയിൽ കമന്‍ററി അരങ്ങേറ്റം കുറിക്കുകയാണ്. പരിക്ക് വലയ്‌ക്കുന്ന ഉമേഷ് യാദവിന് ഇനിയൊരു മടങ്ങിവരവ് പ്രയാസമാവും. ഇതോടെ മുകേഷ് കുമാര്‍, ജയ്‌ദേവ് ഉനദ്‌ഘട്ട്, നവ്ദീപ് സെയ്‌നി എന്നിവരില്‍ നിന്നും തെരഞ്ഞെടുപ്പുണ്ടാവും.
ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ ,മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്, നവ്ദീപ് സെയ്‌നി.
ആദ്യ ടെസ്റ്റിനുള്ള വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് : ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ് (ക്യാപ്‌റ്റന്‍), ജെർമെയ്ൻ ബ്ലാക്ക്‌വുഡ് (വൈസ് ക്യാപ്‌റ്റന്‍), അലിക്ക് അത്നാസെ, തഗെനരൈന്‍ ചന്ദര്‍പോള്‍, റകീം കോൺവാൾ, ജോഷ്വ ഡാ സിൽവ, ഷാനൻ ഗബ്രിയേൽ, ജേസൺ ഹോൾഡർ, അൽസാരി ജോസഫ്, കിർക്ക് മക്കൻസി, റെയ്‌മൺ റെയ്‌ഫർ, കീമർ റോച്ച്, ജോമൽ വാരിക്കൻ.