മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ വേഗംകൊണ്ട് ആരാധകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഉമ്രാന്‍ മാലിക്ക്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന അരങ്ങേറ്റങ്ങളിലൊന്നാണ് ഉമ്രാന്‍ മാലിക്കിന്‍റേത്. ആദ്യമായി ദേശീയ ടീമിന്‍റെ ഭാഗമാകുന്ന യുവ പേസർ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ ബൗളിങ്ങിന്‍റെ തുറുപ്പുചീട്ടായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പരമ്പരയ്‌ക്ക് മുന്നോടിയായി ഉമ്രാന്‍റെ പേസ് ബൗളിങ്ങിനെ ഭയക്കുന്നില്ലെന്ന് തുറന്നുപറയുകയാണ് ദക്ഷിണാഫ്രിക്കന്‍ ടീം ക്യാപ്റ്റന്‍ ടെംബ ബാവുമ. 'ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വളരെയധികം ആവേശകരമായ പേസ് ബൗളിങ് ഓപ്‌ഷനാണ് ഉമ്രാന്‍ മാലിക്ക്. ഇതു പോലെയുള്ള ഫാസ്റ്റ് ബൗളിങ് ഓപ്‌ഷനുകളെ പുറത്തെടുക്കാന്‍ കഴിയുമെന്നതിനാല്‍ ഐപിഎല്‍ ഇന്ത്യന്‍ ടീമിനു വളരെ മികച്ചതാണെന്നും' ടെംബ ബാവുമ അഭിപ്രായപ്പെട്ടു.
'ദക്ഷിണാഫ്രിക്കയില്‍ ഞങ്ങള്‍ കളിച്ചുവളര്‍ന്നത് ഫാസ്റ്റ് ബൗളര്‍മാരെ നേരിട്ടാണ്. എങ്കിലും ഒരു ബാറ്ററും 150 കി.മി വേഗതയുള്ള ബോള്‍ നേരിടാന്‍ ഇഷ്‌ടപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ കഴിയുന്നത്ര തയ്യാറെടുത്തിരിക്കണം. 150 കിലോമീറ്റര്‍ വേഗമുള്ള ബൗളര്‍മാര്‍ ഞങ്ങള്‍ക്കുമുണ്ട്. അതുകൊണ്ട് ഇന്ത്യക്കുള്ളതു പോലെ അതേ ആയുധം ഞങ്ങളുടെ ആവനാഴിയിലുമുണ്ട്. എന്നാല്‍ ഉമ്രാന്‍ മാലിക് ഇന്ത്യന്‍ ടീമിന് സ്‌പെഷ്യല്‍ ടാലന്‍റാണ്. ഐപിഎല്ലിലെ പ്രകടനം അന്താരാഷ്‌ട്ര ക്രിക്കറ്റിലും ആവര്‍ത്തിക്കാന്‍ താരത്തിന് സാധിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും' ബാവുമ വ്യക്തമാക്കി.
അഞ്ച് മത്സരങ്ങളുടെ പരമ്പരയ്‌ക്ക് ജൂണ്‍ ഒമ്പതിന് ഡൽഹിയിലാണ് തുടക്കമാവുക. കെഎല്‍ രാഹുലാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. റിഷഭ് പന്താണ് ടീമിന്‍റെ വൈസ് ക്യാപ്‌റ്റന്‍. ഇഷാന്‍ കിഷന്‍, വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് എന്നീ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരും ടീമിലുണ്ട്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.