കൊളംബോ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ ഇന്ത്യ നാളെ ആദ്യ മത്സരത്തിന് ഇറങ്ങും. ചിരവൈരികളായ പാകിസ്ഥാനാണ് എതിരാളി (India vs Pakistan). കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഉച്ച തിരിഞ്ഞ് മൂന്നിനാണ് മത്സരം ആരംഭിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ - പാക് ടീമുകള്‍ തമ്മിലുള്ള മത്സരം മഴയെടുത്തിരുന്നു.
സൂപ്പര്‍ ഫോറില്‍ വീണ്ടും ഇരു ടീമികളും നേര്‍ക്കുനേര്‍ എത്തുമ്പോഴും കനത്ത മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട് (IND vs PAK Asia Cup 2023 Weather report). വെതര്‍ ഡോട്ട് കോമിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ഞായറാഴ്‌ച കൊളംബോയിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് 90 - 100 ശതമാനമാണ് സാധ്യതയുള്ളത്. സെപ്റ്റംബര്‍ 11 റിസര്‍വ് ഡേ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍, ഈ ദിനത്തിലെ കാലാവസ്ഥ പ്രവചനം ആശ്വാസത്തിന് വക നല്‍കുന്നതല്ല. റിസർവ് ദിനത്തിൽ ഇടിമിന്നലോട് കൂടിയ മഴക്ക് 90 ശതമാനം സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനെതിരായ മത്സരത്തിന് ശേഷം ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ പേസര്‍ ജസ്‌പ്രീത് ബുംറയും (Jasprit Bhumrah) പരിക്കിനെ തുടര്‍ന്ന് ഗ്രൂപ്പ് മത്സരങ്ങള്‍ കളിക്കാതിരുന്ന കെഎല്‍ രാഹുലും (KL Rahul) ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.
ഇതോടെ, നേപ്പാളിനെതിരായ അവസാന മത്സരത്തിലെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റം ഉറപ്പ്. രാഹുലിന് ഇടം നല്‍കുന്നതിനായി ഇഷാന്‍ കിഷന്‍ (Ishan Kishan), ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്നിവരില്‍ ഒരാള്‍ പുറത്തിരിക്കേണ്ടി വരും. രാഹുലിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷനായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ചിരുന്നത്.
പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ വന്‍ തകര്‍ച്ചയെ നേരിടുന്ന സമയത്ത് കരുതിക്കളിച്ച ഇഷാന്‍റെ പ്രകടനം ടീമിനെ മാന്യമായ നിലയില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. 81 പന്തുകളില്‍ 82 റണ്‍സായിരുന്നു താരം നേടിയത്. ഏകദിനത്തില്‍ ഇഷാന്‍റെ തുടര്‍ച്ചയായ നാലാം അര്‍ധ സെഞ്ചുറി കൂടി ആയിരുന്നു ഇത്.
പരിക്കിന് ശേഷമുള്ള ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ ശ്രേയസിന് കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ മിന്നും ഫോമിലുള്ള ഇഷാനെ പുറത്തിരുത്താന്‍ മാനേജ്‌മെന്‍റ് തയ്യാറാവുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും. ബുംറ കളിക്കാതിരുന്നതോട നേപ്പാളിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ മുഹമ്മദ് ഷമിയായിരുന്നു പ്ലേയിങ് ഇലവനില്‍ എത്തിയത്.
പാക് ടീമിനെതിരായ മത്സരത്തില്‍ പേസ് ഓള്‍റൗണ്ടറായ ശാര്‍ദുല്‍ താക്കൂര്‍ ടീമിലെത്തിയതോടെ ഷമിക്ക് അവസരം ലഭിച്ചിരുന്നില്ല. ബാറ്റിങ് ഡെപ്‌ത്ത് കൂട്ടുന്നതിനായിരുന്നു മാനേജ്‌മെന്‍റിന്‍റെ തീരുമാനമെന്നാണ് പൊതുവെ വിലയിരുത്തല്‍. സൂപ്പര്‍ ഫോര്‍ ഘട്ടത്തിലും പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിലെ ബോളിങ് യൂണിറ്റില്‍ മാറ്റം വരുത്താതിരുന്നാല്‍ ഷമി വീണ്ടും പ്ലേയിങ് ഇലവന് പുറത്താവും.