ന്യൂഡല്‍ഹി: അയർലൻഡിനെതിരായ ടി20 പരമ്പരയില്‍ ടീം ഇന്ത്യയെ സൂര്യകുമാര്‍ യാദവ് (Suryakumar Yadav) നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് മൂന്നാം വാരത്തില്‍ ആരംഭിക്കുന്ന ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തില്‍ രോഹിത് ശര്‍മ (Rohit Sharma) , വിരാട് കോലി (Virat Kohli) തുടങ്ങിയ വെറ്ററന്‍ താരങ്ങള്‍ക്ക് ഒപ്പം നിലവില്‍ ഇന്ത്യയുടെ ടി20 ടീമിനെ നയിക്കുന്ന ഹാർദിക് പാണ്ഡ്യയ്‌ക്കും (Hardik Pandya) വിശ്രമം അനുവദിക്കാനാണ് സാധ്യത. ഇതോടെയാണ് വൈസ് ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവിന് ചുമതല ലഭിക്കുകയെന്നാണ് പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
പര്യടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്ന ജസ്‌പ്രീത് ബുംറയ്‌ക്ക് (Jasprit bumrah) ടീമിന്‍റെ ചുമതല നല്‍കിയേക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ വൈസ് ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവിനെ തന്നെ ടീമിനെ ഏല്‍പ്പിക്കാനാണ് മാനേജ്‌മെന്‍റ് ആലോചിക്കുന്നത്.
നിലവില്‍ പുരോഗമിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷമാവും ടീം ഇന്ത്യ അയര്‍ലന്‍ഡിലേക്ക് പോവുക. പര്യടനത്തിനുള്ള ടീമിനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഏഷ്യ കപ്പും തൊട്ടുപിന്നാലെ ഏകദിന ലോകകപ്പും നടക്കാനിരിക്കെ കൂടുതല്‍ യുവ താരങ്ങള്‍ സെലക്‌ടര്‍മാര്‍ അവസരം നല്‍കാനാണ് സാധ്യത. ഹാര്‍ദിക്കിനൊപ്പം ജോലി ഭാരം കുറയ്‌ക്കുന്നതിന്‍റെ ഭാഗമായി ശുഭ്‌മാന്‍ ഗില്ലിനും വിശ്രമം നല്‍കാനാണ് സാധ്യതയുള്ളത്.
ഇതോടെ സെപ്‌റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ ചൈനയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ടീമിലെ കൂടുതല്‍ താരങ്ങള്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ എത്തിയേക്കും. എന്നാല്‍ ഇക്കാര്യത്തിലുള്ള തീരുമാനങ്ങള്‍ അന്തിമമായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ അയര്‍ലന്‍ഡിനെതിരെ കളിക്കുന്നത്.
അയര്‍ലന്‍ഡിലെ ഡബ്ലിന്‍റെ പ്രാന്തപ്രദേശത്തുള്ള മലാഹിഡെയാണ് ഇന്ത്യ- അയര്‍ലന്‍ഡ് പരമ്പരയ്‌ക്ക് വേദിയാവുന്നത്. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 18-നാണ് നടക്കുക. തുടര്‍ന്ന് 20-ന് രണ്ടും 23-ന് മൂന്നും ടി20 മത്സരങ്ങള്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് മൂന്ന് മണിയ്ക്കാണ് മത്സരങ്ങള്‍ തുടങ്ങുക.
അതേസമയം റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ഏഷ്യന്‍ ഗെയിംസിനിറങ്ങുന്നത്. ഇന്ത്യന്‍ പ്രീമിയല്‍ ലീഗിന്‍റെ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal), രാഹുല്‍ ത്രിപാഠി (Rahul Tripathi), തിലക് വര്‍മ (Tilak Varma), റിങ്കു സിങ് (Rinku Singh),
ജിതേഷ് ശര്‍മ (Jitesh Sharma), പ്രഭ്‌സിമ്രാന്‍ സിങ് (Prabhsimran Singh) ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍ (Washington Sunder), ഷഹ്‌ബാസ് അഹമ്മദ് (Shahbaz Ahmed), രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിങ് (Arshdeep Singh), ആവേശ് ഖാന്‍ (Avesh Khan), മുകേഷ് കുമാര്‍ (Mukesh Kumar), ശിവം മാവി (Shivam Mavi) എന്നിവരാണ് ടീമില്‍ ഇടം നേടിയത്. യാഷ് താക്കൂര്‍ (Yash Thakur), സായ് കിഷോര്‍ (Sai Kishore), വെങ്കടേഷ് അയ്യര്‍ (Venkatesh Iyer), ദീപക് ഹൂഡ (Deepak Hooda), സായി സുദര്‍ശന്‍ (Sai Sudarsan) എന്നിവരെ സ്റ്റാന്‍ഡ്‌ബൈ താരങ്ങളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ALSO READ: 'രോഹിത്തിനും കോലിക്കും ശേഷം അവര്‍'; ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി ചൂണ്ടിക്കാട്ടി വസീം ജാഫര്‍