ഓവല്‍ : ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയികളെ ഇന്നറിയാം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 444 എന്ന വമ്പന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ മത്സരത്തിന്‍റെ നാലാം ദിനമായ ഇന്നലെ സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 164 റണ്‍സ് എന്ന നിലയിലാണ്. വിരാട് കോലി (44) അജിങ്ക്യ രഹാനെ (20) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്.
മത്സരത്തിന്‍റെ അവസാന ദിനമായ ഇന്ന് വിജയത്തിനായി 97 ഓവറില്‍ 280 റണ്‍സാണ് ഇന്ത്യയ്‌ക്ക് വേണ്ടത്. മറുവശത്ത് ഇന്ത്യയുടെ ശേഷിക്കുന്ന ഏഴ് വിക്കറ്റുകള്‍ വീഴ്‌ത്തിയാല്‍ ഓസീസിന് ചാമ്പ്യന്മാരാവാം. ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ 469 റണ്‍സെടുത്ത് മറുപടിക്കിറങ്ങിയ ഇന്ത്യയെ 296 റണ്‍സിന് പുറത്താക്കി 173 റണ്‍സിന്‍റെ നിര്‍ണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 270 റണ്‍സിന് ഡിക്ലയര്‍ ചെയ്‌താണ് 444 എന്ന ഹിമാലയന്‍ വിജയ ലക്ഷ്യം ഓസീസ് ഇന്ത്യയ്‌ക്ക് മുന്നില്‍ വച്ചത്.
പ്രതീക്ഷ കോലി-രഹാനെ സഖ്യത്തില്‍ : ടെസ്റ്റ് ചരിത്രത്തില്‍ മുമ്പൊരു ടീമിനും ഇത്രയും വലിയ വിജയ ലക്ഷ്യം പിന്തുടരാന്‍ സാധിച്ചിട്ടില്ല. ഇതോടെ മത്സരത്തിന്‍റെ അവസാന ദിനത്തില്‍ ഇന്ത്യയുടെ വിജയത്തിനായി അദ്ഭുതങ്ങള്‍ സംഭവിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ നിലവില്‍ പുറത്താവാതെ നില്‍ക്കുന്ന വിരാട് കോലി - അജിങ്ക്യ രഹാനെ സഖ്യത്തില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.
ഇതേവരെ 71 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (43) , ശുഭ്‌മാന്‍ ഗില്‍ (18) , ചേതേശ്വര്‍ പുജാര (27) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് ഇന്നലെ നഷ്‌ടമായത്.
ആദ്യം വിവാദം, പിന്നെ തകര്‍ച്ച : ഓസീസ് ഉയര്‍ത്തിയ വലിയ ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ക്യാപ്റ്റന്‍ രോഹിത്തിന് ശുഭ്‌മാന്‍ ഗില്‍ പിന്തുണ നല്‍കി. മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന ഈ കൂട്ടുകെട്ട് പൊളിച്ച് സ്‌കോട്ട് ബോലാന്‍ഡാണ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കിയത്.
ഗില്ലിനെ ഗള്ളിയില്‍ കാമറൂണ്‍ ഗ്രീന്‍ ഒരു മികച്ച ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ഗ്രീന്‍ ക്യാച്ചെടുക്കുമ്പോള്‍ പന്ത് നിലത്ത് തട്ടിയെന്ന് തോന്നിയതോടെ തീരുമാനം ഫീല്‍ഡ് അമ്പയര്‍ ടിവി അമ്പയര്‍ക്ക് വിട്ടു. പന്ത് നിലത്ത് തട്ടിയെന്ന് ഒരു വിഭാഗം വാദിച്ചതോടെ ഔട്ട് വിധിച്ച ടിവി അമ്പയറുടെ തീരുമാനം വിവാദത്തിലാവുകയും ചെയ്‌തു.
എന്തായാലും ഗില്ലിന് മടങ്ങേണ്ടിവന്നു. മൂന്നാം നമ്പറിലെത്തിയ പുജാരയ്‌ക്ക് ഒപ്പം ആക്രമണം തുടര്‍ന്ന രോഹിത്തിനെ നഥാന്‍ ലിയോണാണ് വീഴ്‌ത്തിയത്. പുജാരയ്‌ക്ക് ഒപ്പം 51 റണ്‍സ് ചേര്‍ത്താണ് രോഹിത് മടങ്ങിയത്. വൈകാതെ പുജാരയെ (27) മടക്കി പാറ്റ് കമ്മിന്‍സ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. തുടര്‍ന്നായിരുന്നു കോലി - രഹാനെ സഖ്യം ക്രീസില്‍ ഒന്നിച്ചത്.