അഹമ്മദാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര ആരംഭിക്കും മുമ്പ് തന്നെ മത്സരത്തിന് ഉപയോഗിക്കുന്ന പിച്ചുകള്‍ സംസാരവിഷയമാണ്. പരമ്പരയിലെ ആദ്യ ടെസ്റ്റ് നടന്ന നാഗ്‌പൂരിലെ പിച്ചില്‍ ഇന്ത്യ കൃത്രിമം നടത്തിയെന്ന ആക്ഷേപവുമായി ഓസ്‌ട്രേലിയൻ മാധ്യമങ്ങളും ചില മുന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു. നാഗ്‌പൂരിലെ പിച്ച് ആതിഥേയരായ ഇന്ത്യ തങ്ങള്‍ക്ക് അനുകൂലമായാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ആരോപണം.
സംഭവത്തില്‍ ഐസിസി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഓസീസിന്‍റെ മുന്‍ ഓള്‍റൗണ്ടര്‍ സൈമൺ ഒ ഡോണൽ രംഗത്തെത്തുകയും ചെയ്‌തിരുന്നു. തുടര്‍ന്നുള്ള മത്സരങ്ങള്‍ നടന്ന പിച്ചുകള്‍ക്കെതിരെയും സമാന രീതിയില്‍ വ്യാപകമായ ആരോപണങ്ങളാണ് ഓസീസ് മാധ്യമങ്ങളും മുന്‍ താരങ്ങളും നടത്തിയത്. ഇപ്പോഴിതാ ഇക്കാര്യത്തിലുള്ള തന്‍റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ.
അഭിമാനമുള്ള ഇന്ത്യക്കാരന്‍: ഇരു ടീമുകളും ഒരേ പിച്ചിലാണ് കളിക്കുന്നതെന്നും, ഞങ്ങളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ആരോപണങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നുമാണ് ഗവാസ്‌കര്‍ തുറന്നടിച്ചിരിക്കുന്നത്. "ഇന്ത്യയും ഓസ്‌ട്രേലിയയും കളിക്കുന്നത് ഒരേ പിച്ചിലാണ്. വിദേശത്ത് പര്യടനത്തിന് എത്തുമ്പോള്‍ നാട്ടിലുള്ളതിന് സമാനമായ പിച്ചുകള്‍ ലഭിക്കില്ലെന്ന സത്യം അംഗീകരിച്ചുകൊണ്ട് കളിക്കണം.
വസ്‌തുതാവിരുന്ധമായ വാക്കുകള്‍ ഉപയോഗിച്ച് ഇന്ത്യക്കാരുടെ സത്യസന്ധതയും ആത്മാര്‍ഥതയും ചോദ്യം ചെയ്യരുത്. സത്യസന്ധയുടെ കാര്യത്തില്‍ ഒരു രാജ്യത്തിനും കുത്തകയില്ല. ഞാൻ വളരെ അഭിമാനമുള്ള ഒരു ഇന്ത്യക്കാരനാണ്. ആരെങ്കിലും ഇന്ത്യക്കാരെയും എന്നെയും സംശയിക്കുമ്പോൾ, മനസിലുള്ളത് തുറന്ന് പറയാതിരിക്കാന്‍ കഴിയില്ല" സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി.
കളിക്കുന്ന താരങ്ങള്‍ക്ക് പരാതിയില്ല: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ കളിക്കുന്ന ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ആരും തന്നെ പിച്ചിനെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ലെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. "ഇന്ത്യയിൽ കളിക്കുന്നതും ക്യാപ്റ്റനായി പ്രവർത്തിക്കുന്നതും താൻ ആസ്വദിക്കുന്നുവെന്നാണ് സ്റ്റീവ് സ്‌മിത്ത് പറഞ്ഞത്. ഓരോ പന്തും വെല്ലുവിളിയാണ്, ഓരോ ഓവറിലും കാര്യങ്ങൾ വളരെ വേഗത്തിൽ മാറുമെന്നും സ്‌മിത്ത് പറഞ്ഞിരുന്നു.
നിലവില്‍ പരമ്പരയുടെ ഭാഗമായ ഓസ്‌ട്രേലിയൻ കളിക്കാർ ഒന്നും തന്നെ പിച്ചിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ചില മുൻ കളിക്കാരിൽ നിന്നാണ് ഒച്ചപ്പാടുണ്ടാവുന്നത്. 75 വർഷത്തെ ഇന്ത്യ-ഓസ്‌ട്രേലിയ സൗഹൃദത്തിന്‍റെ യുഗത്തിലേക്കാണ് നമ്മൾ പ്രവേശിക്കുന്നത്. ഓസ്‌ട്രേലിയയിൽ നിന്നുള്ള ചില മുൻ കളിക്കാർ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യം മനസില്‍ വയ്‌ക്കേണ്ടതുണ്ട്.
ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യ പൂർണമായി ആധിപത്യം പുലർത്തിയപ്പോൾ, ഇന്‍ഡോറില്‍ മാത്യൂ കുഹ്‌നെമാനും നഥാന്‍ ലിയോണും ചേര്‍ന്ന് ഓസ്‌ട്രേലിയയെ ശക്തമായി തിരിച്ചെത്തിച്ചതായും " സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി.
ശ്രദ്ധവേണ്ടത് മത്സരത്തില്‍: നാഗ്‌പൂര്‍ ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ പിച്ചുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോടുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മയുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു. പിച്ചിലല്ല, മത്സരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഇരു ടീമുകളിലും മികച്ച താരങ്ങളാണ് കളിക്കാന്‍ ഇറങ്ങുന്നതെന്നുമായിരുന്നു രോഹിത്തിന്‍റെ പ്രതികരണം.
അതേസമയം ഇന്‍ഡോര്‍ പിച്ചിന് മേശം റേറ്റിങ്ങും ഡീമെറിറ്റ് പോയിന്‍റും നല്‍കിയ ഐസിസി നടപടിക്കെതിരെയും ഗവാസ്‌കര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സ്‌പിന്നര്‍മാര്‍ നിറഞ്ഞാടിയ ഇന്‍ഡോറിലെ പിച്ചില്‍ മൂന്നാം ദിനത്തിലായിരുന്നു മത്സരം അവസാനിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഗാബയില്‍ നടന്ന ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം വെറും രണ്ട് ദിവങ്ങള്‍ കൊണ്ടാണ് തീര്‍ന്നത്.
പേസര്‍മാരെ അമിതമായി പിന്തുണച്ച പിച്ചില്‍ ബാറ്റര്‍മാരുടെ ജീവന് പോലും ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ ഈ പിച്ചിന് എത്ര ഡീമെറിറ്റ് പോയിന്‍റാണ് ലഭിച്ചതെന്ന് തനിക്കറിയില്ലെന്നുമായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്.