ഇന്‍ഡോര്‍: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ടോസ് ഭാഗ്യം. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇരുടീമുകളും കളിക്കുന്നത്.
ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ കെഎല്‍ രാഹുലിന് പകരം ശുഭ്‌മാന്‍ ഗില്‍ പ്ലേയിങ് ഇലവനിലെത്തി. പേസര്‍ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഉമേഷ് യാദവാണ് ടീമിനെലെത്തിയത്. സ്ഥിരം നായകന്‍ പാറ്റ് കമ്മിന്‍സിന്‍റെ അഭാവത്തില്‍ സ്‌റ്റീവ് സ്‌മിത്താണ് ഓസീസിനെ നയിക്കുന്നത്.
ഡേവിഡ് വാര്‍ണര്‍ക്ക് പകരം കാമറൂണ്‍ ഗ്രീനും കമ്മിന്‍സിന് പകരം മിച്ചല്‍ സ്റ്റാര്‍ക്കും ടീമിലിടം നേടി. നാല് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ കളി വിജയിച്ച ഇന്ത്യ 2-0ന് മുന്നിലാണ്. നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനും ഓസീസിനെ കീഴടക്കിയ ആതിഥേയര്‍ ഡല്‍ഹിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ജയം പിടിച്ചത്.
ഇതോടെ ഇന്‍ഡോറില്‍ ജയിച്ചാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സ്ഥാനമുറപ്പിക്കാനും ഇന്ത്യയ്‌ക്ക് കഴിയും. മറുവശത്ത് പരമ്പരയില്‍ തിരിച്ചുവരവാണ് ഓസീസ് ലക്ഷ്യം വയ്‌ക്കുന്നത്.
കാണാനുള്ള വഴി: ഇന്ത്യ ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയും ഈ മത്സരങ്ങള്‍ സ്‌ട്രീം ചെയ്യും.
ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (സി), ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര, വിരാട് കോലി, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, ശ്രീകർ ഭരത്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്
ഓസ്‌ട്രേലിയ (പ്ലേയിങ് ഇലവൻ): ഉസ്മാൻ ഖവാജ, ട്രാവിസ് ഹെഡ്, മർനസ് ലബുഷെയ്‌ന്‍ സ്റ്റീവൻ സ്മിത്ത് (സി), പീറ്റർ ഹാൻഡ്‌സ്‌കോംബ്, കാമറൂൺ ഗ്രീൻ, അലക്‌സ് കാരി, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ടോഡ് മർഫി, മാത്യു കുഹ്‌നെമാൻ.