മുംബൈ: പ്രഥമ വനിത ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ അഞ്ച് ടീമുകള്‍ പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട് വേദികളിലായി 20 മത്സരങ്ങളാകും ടൂര്‍ണമെന്‍റിലുണ്ടാകുക. 2023 വനിത ടി20 ലോകകപ്പിന് ശേഷവും, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്‍പുംടൂര്‍ണമെന്‍റ് നടത്തനായാണ് ബിസിസിഐ പദ്ധതി.
പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ടീമിന്‍റെ പ്ലേയിങ് ഇലവനില്‍ അഞ്ച് വിദേശ താരങ്ങളെ ഉള്‍പ്പെടുത്താന്‍ സധിക്കും. അതില്‍ ഒരു താരം അസോസിയേറ്റഡ് രാജ്യങ്ങളില്‍ നിന്നുള്ളയാളാകണം എന്ന നിബന്ധനയുണ്ട്. കൂടാതെ ടീമുകളെ രണ്ട് വിഭാഗങ്ങളില്‍ തെരഞ്ഞെടുക്കുന്നതും ബോര്‍ഡ് ചര്‍ച്ച ചെയ്യുന്നുണ്ട്.
ഐപിഎല്‍ ടീമുകള്‍ ഇല്ലാത്ത മേഖലകളെ ഉള്‍പ്പെടുത്തി സോണ്‍ വിഭാഗത്തിലും, നിലവിലെ അതേ മാതൃകയില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചും ടീമുകളെ വിഭാവനം ചെയ്യണമെന്നുള്ള ചര്‍ച്ചകളും ബിസിസിഐയില്‍ പുരോഗമിക്കുന്നതായണ് പുറത്ത് വരുന്ന വിവരം. മത്സര വേദികള്‍ സംബന്ധിച്ച വിഷയത്തില്‍ ഐപിഎൽ ചെയർപേഴ്‌സണും ബിസിസിഐ ഭാരവാഹികളും ചേർന്നുള്ള യോഗത്തിന് ശേഷമാകും അന്തിമ തീരുമാനം എടുക്കുക.
മത്സരരീതി: ലീഗ് ഘട്ടത്തില്‍ ഓരോ ടീമും പരസ്‌പരം രണ്ട് തവണ ഏറ്റുമുട്ടുന്ന രീതിയിലാകും മത്സരങ്ങള്‍. പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തുന്ന ടീം നേരിട്ട് ഫൈനലിന് യോഗ്യത നേടും. രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും തമ്മിലായിരിക്കും എലിമിനേറ്റര്‍.
Also Read: വനിത ഏഷ്യ കപ്പ് ക്രിക്കറ്റ് ഇന്ത്യ ഫൈനലില്‍: സെമിയില്‍ തായ്‌ലന്‍ഡിനെതിരെ 74 റണ്‍സ് വിജയം