ലണ്ടൻ : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയെക്കാൾ മുൻതൂക്കം ഇന്ത്യക്കാണെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. സ്‌പിന്നർമാരാകും മത്സരത്തിന്‍റെ ഗതി നിയന്ത്രിക്കുന്നതെന്നും പിച്ചിന്‍റെ ആനുകൂല്യം മുതലെടുത്ത് മികച്ച പ്രകടനം നടത്താൻ ഇന്ത്യൻ ടീമിലെ ലോകോത്തര സ്‌പിന്നർമാരായ ആർ ആശ്വിനും രവീന്ദ്ര ജഡേജയ്‌ക്കും സാധിക്കുമെന്നും സച്ചിൻ വ്യക്‌തമാക്കി.
'ഓവലിൽ കളിക്കാനായതിൽ ഇന്ത്യൻ ടീമിന് സന്തോഷിക്കാം. ഓവൽ പിച്ചിന്‍റെ സ്വഭാവം മത്സരം നടക്കുമ്പോൾ സ്‌പിന്നർമാരെ സഹായിക്കുന്നതാണ്. അതിനാൽ സ്‌പിന്നർമാരാകും മത്സരത്തിന്‍റെ ഗതി നിർണയിക്കുക. എന്നാൽ ഇത് എല്ലായ്‌പ്പോഴും ഒരു ടേണിങ് ട്രാക്കായിരിക്കണമെന്നില്ല, എന്നിരുന്നാലും ഓവൽ ഇന്ത്യക്ക് നല്ല വേദിയാകും എന്ന് തന്നെയാണ് പ്രതീക്ഷ.' സച്ചിൻ പറഞ്ഞു.
2021ൽ ഓവലിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ 157 റണ്‍സിന്‍റെ തകർപ്പൻ ജയം ഇന്ത്യക്ക് നേടാൻ സാധിച്ചിരുന്നു. ആ വിജയത്തിന്‍റെ ഓർമകൾ ഇന്ത്യക്ക് കൂടുതൽ ആവേശവും കരുത്തും പകരുമെന്നും സച്ചിൽ പറഞ്ഞു. 'എപ്പോഴെല്ലാം നിങ്ങൾക്ക് അത്തരം ഓർമകൾ ഉണ്ടാകുമോ അപ്പോഴെല്ലാം അത് നിങ്ങൾക്കൊപ്പം നിൽക്കും. കഴിഞ്ഞ തവണ ഓവലിൽ കളിച്ചപ്പോൾ നേടിയ വിജയം ഇന്ത്യൻ ടീം മറക്കില്ല.
ആ ഓർമകൾ ഇന്ത്യക്കൊപ്പമുണ്ടാകും. അത് ടീമിനെ കൂടുതൽ കരുത്തരാക്കും. അത് പോലെ 2019 ആഷസ് ടെസ്റ്റിൽ ഓവലിൽ ഇംഗ്ലണ്ട് ഓസീസിനെ 135 റണ്‍സിന് തോൽപ്പിച്ചിരുന്നു. അത് ഓസ്‌ട്രേലിയെ സംബന്ധിച്ച് ചെറിയൊരു നെഗറ്റീവ് ആണ്. എന്നിരുന്നാൽ പോലും ഓസ്‌ട്രേലിയക്കാർക്ക് അങ്ങേയറ്റം മത്സരക്ഷമതയുള്ള ടീമാകാൻ കഴിയും' സച്ചിൻ പറഞ്ഞു.
മുറിവുകൾ ഭേദമാകാൻ കുറച്ച് സമയമെടുക്കും. എന്നാൽ സന്തുലിതമായ സ്‌ക്വാഡ് ഉള്ളതിനാൽ തന്നെ ഓസ്ട്രേലിയ മനോഹരമായൊരു ടീമാണ്. സീനിയർ താരങ്ങളും മികച്ച യുവതാരങ്ങളും ടീമിലുണ്ട്. ഇത് യുവത്വത്തിന്‍റെയും അനുഭവ സമ്പത്തിന്‍റെയും നല്ല മിശ്രിതമാണ്. ഓസ്‌ട്രേലിയ എല്ലായ്‌പ്പോഴും മത്സര ബുദ്ധിയുള്ളവരാണ്. അവർക്ക് ഒരു ഫുൾ സ്‌ക്വാഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അവർ മത്സര ബുദ്ധിയോടെ തന്നെ പോരാടും. സച്ചിൻ പറഞ്ഞു.
ചേതേശ്വർ പുജാരയുടേയും മർനസ് ലബുഷെയിനിന്‍റെയും കൗണ്ടി ക്രിക്കറ്റിലെ അനുഭവ സമ്പത്ത് ഇരു ടീമികൾക്കും മുതൽക്കൂട്ടാകുമെന്നും സച്ചിൻ പറഞ്ഞു. 'കൗണ്ടി ക്രിക്കറ്റിൽ കളിക്കുക എന്നത് വലിയ മൂല്യമേറിയ കാര്യമാണ്. പുജാരയും ലബുഷെയിൻ അടുത്തിടെ കൗണ്ടി ക്രിക്കറ്റിൽ തങ്ങളുടെ മികച്ച പ്രകടനം നടത്തിയിരുന്നു. ഇവരുടെ പ്രകടനം ഇരുടീമുകൾക്കും കരുത്തേകുമെന്ന് തന്നെയാണ് വിശ്വാസം... സച്ചിൻ കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലിൽ ഇന്ത്യൻ സമയം ഇന്ന് (07.06.23) ഉച്ചയ്‌ക്ക് മൂന്ന് മണി മുതലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ ആരംഭിക്കുക. കഴിഞ്ഞ തവണ ന്യൂസിലൻഡിനോട് കൈവിട്ട കിരീടം തിരികെ പിടിക്കാനാണ് ഇന്ത്യയുടെ വരവ്. മറുവശത്ത് ആദ്യ ഫൈനലിൽ തന്നെ കപ്പുറപ്പിക്കുക എന്നതാണ് ഓസീസിന്‍റെ ലക്ഷ്യം.
ഇന്ത്യ സ്‌ക്വാഡ് : രോഹിത് ശർമ (ക്യാപ്‌റ്റൻ), ശുഭ്‌മാൻ ഗിൽ, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ശ്രീകർ ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ജയദേവ് ഉനദ്ഘട്ട്.
ഓസ്‌ട്രേലിയ സ്‌ക്വാഡ്: ഡേവിഡ് വാർണർ, ഉസ്‌മാൻ ഖവാജ, മാർനസ് ലബുഷെയ്‌ന്‍, സ്റ്റീവൻ സ്‌മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്‌സ് കാരി (വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിൻസ് (ക്യാപ്‌റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്‌കോട്ട് ബോളണ്ട്, ജോഷ് ഇംഗ്ലിസ്, ടോഡ് മർഫി, മൈക്കൽ നെസർ, മാർക്കസ് ഹാരിസ്.