പൂനെ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ന്യൂസിലന്‍ഡിനെതിരയും റണ്‍സ് മല തീര്‍ത്ത് പ്രോട്ടീസ്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 357 റണ്‍സാണ് നേടിയത് (New Zealand vs South Africa Score Updates)
സെഞ്ചുറി നേടിയ ക്വിന്‍റന്‍ ഡി കോക്ക് (116 പന്തില്‍ 114), റാസി വാൻ ഡെർ ഡസ്സൻ (118 പന്തില്‍ 133) എന്നിവര്‍ക്ക് പുറമെ ഡേവിഡ് മില്ലറുടെ അര്‍ധ സെഞ്ചുറിയും (30 പന്തില്‍ 53) പ്രോട്ടീസ് ഇന്നിങ്‌സിന്‍റെ നട്ടെല്ലായി. ന്യൂസിലന്‍ഡിനായി ടിം സൗത്തി രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.
സ്‌കോര്‍ ബോര്‍ഡില്‍ 38 റണ്‍സ് മാത്രമുള്ളപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായിരുന്നു. ഒമ്പതാം ഓവറിന്‍റെ മൂന്നാം പന്തില്‍ ടെംബ ബാവുമയെ (28 പന്തില്‍ 24) ട്രെന്‍റ് ബോള്‍ട്ട് ഡാരില്‍ മിച്ചലിന്‍റെ കയ്യിലെത്തിച്ചു. എന്നാല്‍ തുര്‍ന്ന് ഒന്നിച്ച ക്വിന്‍റൺ ഡി കോക്ക്- റാസി വാൻ ഡെർ ഡസ്സൻ സഖ്യം പ്രോട്ടീസിനെ ട്രാക്കിലാക്കി.
കിവീസ് ബോളര്‍മാര്‍ക്കെതിരെ ഏറെ ശ്രദ്ധയോടെ കളിച്ച ഇരുവരും ചേര്‍ന്ന് 21-ാം ഓവറില്‍ പ്രോട്ടീസിനെ നൂറ് കടത്തി. ഇതേ ഓവറില്‍ 62 പന്തുകളില്‍ നിന്നും ഡി കോക്ക് അര്‍ധ സെഞ്ചുറിയിലേക്ക് എത്തി. പ്രോട്ടീസ് 150 കടന്ന 29-ാം ഓവറില്‍ 61 പന്തുകളില്‍ നിന്നും റാസി വാൻ ഡെർ ഡസ്സനും അര്‍ധ സെഞ്ചുറി തികച്ചു. ടീം 200 കടന്ന 36-ാം ഓവറിലാണ് ഡി കോക്ക് സെഞ്ചുറി പൂര്‍ത്തിയാക്കുന്നത്.
103 പന്തുകളില്‍ നിന്നാണ് പ്രോട്ടീസ് ഓപ്പണര്‍ മൂന്നക്കത്തിലേക്ക് എത്തിയത്. ഈ ലോകകപ്പില്‍ ഡി കോക്ക് നേടുന്ന നാലാമത്തെ സെഞ്ചുറിയാണിത്. ഈ ഓവറില്‍ റാസി വാൻ ഡെർ ഡസ്സന്‍റെ ക്യാച്ച് കിവീസ് താരങ്ങള്‍ രണ്ട് തവണ കൈവിട്ടതിനും ആരാധകര്‍ സാക്ഷിയായി. ഒടുവില്‍ 40-ാം ഓവറിന്‍റെ അവസാന പന്തില്‍ ഡി കോക്കിനെ ഗ്ലെന്‍ ഫിലിപ്‌സിന്‍റെ കയ്യിലെത്തിച്ച് ടിം സൗത്തിയാണ് കിവീസിന് ആശ്വാസം നല്‍കിയത്.
തിരിച്ച് കയറും മുമ്പ് റാസിയ്‌ക്കൊപ്പം 200 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഡി കോക്ക് ഉയര്‍ത്തിയത്. തുടര്‍ന്നെത്തിയ ഡേവിഡ് മില്ലര്‍ക്കൊപ്പം ഇന്നിങ്‌സ് മുന്നോട്ട് നയിച്ച റാസി രണ്ട് ഓവറുകള്‍ക്കൊപ്പം സെഞ്ചുറിയിലേക്ക് എത്തി. 101 പന്തുകളിലാണ് താരം ഈ ലോകകപ്പിലെ തന്‍റെ രണ്ടാം സെഞ്ചുറി സ്വന്തമാക്കിയത്. മൂന്നക്കം തൊട്ടതിന് പിന്നാലെ കൂടുതല്‍ അപകടകാരിയായ റാസിയെ 48-ാം ഓവറിന്‍റെ ആദ്യ പന്തില്‍ ടിം സൗത്തി ബൗള്‍ഡാക്കി.
മില്ലര്‍ക്കൊപ്പം മൂന്നാം വിക്കറ്റില്‍ 78 റണ്‍സ് ചേര്‍ത്ത റാസി ഒമ്പത് ബൗണ്ടറികളും അഞ്ച് സിക്‌സറുകളും നേടിയിരുന്നു. അവസാന ഓവറിന്‍റെ നാലാം പന്തില്‍ 29 പന്തുകളില്‍ അര്‍ധ സെഞ്ചുറി തികച്ച മില്ലറെ തൊട്ടടുത്ത പന്തില്‍ ടീമിന് നഷ്‌ടമായി. അവസാന പന്തില്‍ സിക്‌സറിച്ചുകൊണ്ടാണ് എയ്‌ഡൻ മാർക്രം (1 പന്തില്‍ 6*) പ്രോട്ടീസ് ഇന്നിങ്‌സിന് തിരശീലയിട്ടത്. ഹെൻറിച്ച് ക്ലാസനും (7 പന്തില്‍ 15) പുറത്താവാതെ നിന്നു.
ALSO READ: 'ഇനി ഞങ്ങള് ജയിച്ചില്ലേലും ഇങ്ങള് തോറ്റാല്‍ മതി'; ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത രസകരം
ദക്ഷിണാഫ്രിക്ക (പ്ലേയിങ് ഇലവൻ): ക്വിന്‍റൺ ഡി കോക്ക്, ടെംബ ബവുമ (സി), റാസി വാൻ ഡെർ ഡസ്സൻ, എയ്‌ഡൻ മാർക്രം, ഹെൻറിച്ച് ക്ലാസെൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസൻ, ജെറാൾഡ് കോറ്റ്‌സി, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി.
ന്യൂസിലൻഡ് (പ്ലേയിങ് ഇലവൻ): ഡെവോൺ കോൺവേ, വിൽ യങ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ലാഥം (സി), ഗ്ലെൻ ഫിലിപ്‌സ്, ജെയിംസ് നീഷാം, മിച്ചൽ സാന്‍റ്‌നർ, മാറ്റ് ഹെൻറി, ടിം സൗത്തി, ട്രെന്‍റ് ബോൾട്ട്.