മുംബൈ : പോയിന്‍റ് പട്ടിക നീന്തിക്കയറാന്‍ ശ്രമിക്കുന്ന ശ്രീലങ്കയ്‌ക്ക് മുന്നില്‍ കൂറ്റന്‍ റണ്‍മല കൊണ്ട് വേലികെട്ടി ഇന്ത്യ. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 357 റണ്‍സാണ് ഇന്ത്യ ഉയര്‍ത്തിയത്. ശുഭ്‌മാന്‍ ഗില്ലും വിരാട് കോഹ്‌ലിയും തകര്‍ത്തുകളിച്ച മത്സരത്തില്‍ ശ്രേയസ് അയ്യര്‍ കൂടി കൈവച്ചതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 350ന് മുകളിലേക്ക് കുതിച്ചത്.
മുന്‍ മത്സരങ്ങളിലെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനവുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ച നായകനും ഓപ്പണറുമായ രോഹിത് ശര്‍മ (4) വേഗം മടങ്ങിയതോടെ ഇന്ത്യന്‍ ആരാധകരില്‍ നിരാശ പടര്‍ന്നു. എന്നാല്‍ സന്ദര്‍ഭത്തിനൊത്തുയര്‍ന്ന് മികച്ച കൂട്ടുകെട്ട് കണ്ടെത്തിയ ശുഭ്‌മാന്‍ ഗില്ലും (92 പന്തില്‍ 92 റണ്‍സ്) വിരാട് കോഹ്‌ലിയും (94 പന്തില്‍ 88 റണ്‍സ്) ഇന്ത്യയ്‌ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. പിന്നാലെയെത്തിയ ശ്രേയസ് അയ്യര്‍ കൂടി ഈ പാത പിന്തുടര്‍ന്നതോടെ ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തുകയായിരുന്നു.
രോഹിത് പോയി, പക്ഷേ കോഹ്‌ലി അവതരിച്ചു : ഇന്ത്യയ്‌ക്കായി പതിവുപോലെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലുമാണ് ആദ്യമായി ക്രീസിലെത്തിയത്. എന്നാല്‍ ആദ്യ ഓവറിലെ നാലാം പന്തില്‍ അപകടകാരിയായ ബാറ്റര്‍ രോഹിത്തിനെ (4) മടക്കി ദില്‍ഷന്‍ മധുശങ്ക വരവറിയിച്ചു. എന്നാല്‍ തൊട്ടുപിന്നാലെയെത്തിയ വിരാട് കോഹ്‌ലി ബാറ്റിങ് നിരയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.
ക്രീസിലുണ്ടായിരുന്ന ശുഭ്‌മാന്‍ ഗില്ലിനെ കൂടെക്കൂട്ടി കോഹ്‌ലി ഇന്ത്യന്‍ സ്‌കോര്‍ കാര്‍ഡ് ചലിപ്പിച്ചു. ഇവരില്‍ ഒരാളെ വേഗത്തില്‍ മടക്കി താത്കാലിക ആശ്വാസം കണ്ടെത്താമെന്നുള്ള ലങ്കന്‍ ബോളിങ് നിരയുടെ പ്രതീക്ഷയും നീണ്ടുപോയി. ഈ സമയത്തിനകം കോഹ്‌ലിയും ഗില്ലും അര്‍ധ സെഞ്ചുറിയും കടന്ന് അതിവേഗം സെഞ്ചുറിയിലേക്ക് കടക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു.
എന്നാല്‍ 30ാം ഓവറില്‍ 92 റണ്‍സുമായി ക്രീസില്‍ നിന്ന ശുഭ്‌മാന്‍ ഗില്ലിനെ ദില്‍ഷന്‍ മധുശങ്ക മടക്കുകയായിരുന്നു. നായകനും വിക്കറ്റ് കീപ്പറുമായ കുസാല്‍ മെന്‍ഡിസിന്‍റെ കൈകളിലായിരുന്നു ഗില്ലിന്‍റെ സെഞ്ചുറിയിലേക്കുള്ള ഓട്ടം നിലച്ചത്. തൊട്ടുപിന്നിലുള്ള ഓവറില്‍ സെഞ്ചുറിയിലേക്ക് ഓടിയടുക്കുകയായിരുന്ന വിരാട് കോഹ്‌ലിയെയും മധുശങ്ക തിരികെ കയറ്റി. നേരിട്ട 94 പന്തുകളില്‍ 11 ബൗണ്ടറികളുമായി 88 റണ്‍സായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം.
അയ്യരുടെ ഇന്നിങ്‌സ് : ഇതോടെ ഇന്ത്യന്‍ കുതിച്ചോട്ടം അവസാനിച്ചുവെന്ന ലങ്കന്‍ പ്രതീക്ഷകള്‍ കാറ്റില്‍ പറത്തിയായിരുന്നു പിന്നാലെയെത്തിയ ശ്രേയസ് അയ്യരുടെ ബാറ്റിങ്. എന്നാല്‍ ഒപ്പമുണ്ടായിരുന്ന കെഎല്‍ രാഹുലിനും (21) പിറകെ എത്തിയ സൂര്യകുമാര്‍ യാദവിനും (12) ശ്രേയസിന് മികച്ച പിന്തുണ നല്‍കാനായില്ല. തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജ (35) ശ്രേയസിനൊപ്പം നല്ല കൂട്ടുകെട്ട് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ പ്രകടമാക്കുന്നതിനിടെ ദില്‍ഷന്‍ മധുശങ്ക വീണ്ടും വഴിമുടക്കിയായി. 56 പന്തില്‍ 82 റണ്‍സുമായി നിന്ന ശ്രേയസിനെ മടക്കിയയച്ചായിരുന്നു ഇത്. മുഹമ്മദ് ഷമി(2), ജസ്‌പ്രീത് ബുംറ (1) എന്നിവരാണ് മറ്റ് ബാറ്റര്‍മാര്‍.
Also Read: സെഞ്ച്വറിക്ക് അരികെ വീണ് കോലിയും ഗില്ലും, വാങ്കഡെയില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു
അതേസമയം ശ്രീലങ്കയ്‌ക്കായി ദില്‍ഷന്‍ മധുശങ്ക അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി. എന്നാല്‍ 10 ഓവറുകളില്‍ 80 റണ്‍സ് വഴങ്ങിയായിരുന്നു ഇത്. ദുഷ്‌മന്ത ചമീരയാണ് ശ്രീലങ്കയ്‌ക്കായി മറ്റൊരു വിക്കറ്റ് നേടിയത്.