അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) മിന്നും കുതിപ്പ് നടത്തിയെങ്കിലും അന്തിമ ചിരി ഇന്ത്യന്‍ ടീമിനൊപ്പമായിരുന്നില്ല. കലാശപ്പോരില്‍ ഓസ്‌ട്രേലിയയോട് ഏറ്റ തോല്‍വിയാണ് ടീമിനേയും കോടിക്കണക്കിന് ആരാധകരേയും നിരാശയിലേക്ക് തള്ളി വിട്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരവും തോല്‍ക്കാതെ ഫൈനല്‍ കളിക്കാനിറങ്ങിയ ഇന്ത്യന്‍ ടീമിന്‍റെ വിജയത്തിനായാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ കാത്തിരുന്നത്.
എന്നാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ക്ക് ടീം തോല്‍വി വഴങ്ങി (Australia beat India in Cricket World Cup 2023 Final). ഇതിന് പിന്നാലെ ആരാധകരുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് നീലപ്പട (India Cricket Team's Post For Fans After Cricket World Cup 2023 Loss). 'ദൃഢമായതും ഒരിക്കലും അവസാനിക്കാത്തതുമായ ആരാധകരുടെ പിന്തുണയ്ക്ക് നന്ദി' അറിയിക്കുന്നതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലാണ് ഇന്ത്യന്‍ ടീം പോസ്റ്റിട്ടിരിക്കുന്നത് (India Cricket Team Instagram).
അഹമ്മദാബാദില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് 50 ഓവറില്‍ 10 വിക്കറ്റിന് 240 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. 107 പന്തില്‍ 66 റണ്‍സെടുത്ത കെഎല്‍ രാഹുല്‍ ടോപ് സ്‌കോററായി. 63 പന്തുകളില്‍ 54 റണ്‍സ് നേടിയ വിരാട് കോലിയും 31 പന്തില്‍ 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് പ്രധാന സംഭാവന നല്‍കിയ മറ്റ് താരങ്ങള്‍.
മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. സെഞ്ചുറിയുമായി ട്രാവിസ് ഹെഡാണ് (120 പന്തില്‍ 137) ടീമിന്‍റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. മാര്‍നസ് ലബുഷെയ്‌ന്‍റെ (110 പന്തില്‍ 58*) പിന്തുണയും നിര്‍ണായകമായി. ഓസീസിന്‍റെ ടോപ് ഓര്‍ഡര്‍ ഇന്ത്യന്‍ പേസര്‍മാര്‍ പൊളിച്ചെങ്കിലും നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 192 റണ്‍സാണ് ഓസീസ് വിജയം അനായാസമാക്കിയത്.
മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പ്രതികരിച്ചത് ഇങ്ങനെ....". കഴിഞ്ഞ മത്സരങ്ങളിലേതുപോലെ ഇന്നത്തെ ദിവസം തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. എല്ലാവിധത്തിലും ഞങ്ങള്‍ ശ്രമിച്ചു. പക്ഷേ, ആഗ്രഹിച്ച ഫലം ഇതായിരുന്നില്ല. മത്സരത്തില്‍ ഒരു 20-30 റണ്‍സ് കൂടുതല്‍ നേടാന്‍ ഞങ്ങള്‍ക്കായിരുന്നെങ്കില്‍ അത് നന്നായിരുന്നു.
വിരാട് കോലിയും-കെഎല്‍ രാഹുലും കളിക്കുമ്പോള്‍ 270-280 റണ്‍സായിരുന്നു പ്രതീക്ഷിച്ചത്. പക്ഷേ, വിക്കറ്റുകള്‍ നഷ്‌ടമായി. 240 റണ്‍സ് പ്രതിരോധിക്കാന്‍ ഇറങ്ങുമ്പോള്‍ തീര്‍ച്ചയായും വിക്കറ്റുകള്‍ വീഴ്‌ത്തേണ്ടതുണ്ട്. പക്ഷേ, എല്ലാ ക്രെഡിറ്റും ട്രാവിസ് ഹെഡ്, മാര്‍നെസ് ലബുഷെയ്‌ന്‍ എന്നിവര്‍ക്കാണ്. മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി അവരാണ് ഞങ്ങളെ കളിയില്‍ നിന്നും പൂര്‍ണമായി പുറത്താക്കിയത്"- രോഹിത് പറഞ്ഞു.(Rohit Sharma after Cricket World Cup 2023 final loss).