ഹൈദരാബാദ്: സെമി ഫൈനലിസ്‌റ്റുകളുടെ ചിത്രം കൂടി വ്യക്തമായതോടെ ഏകദിന ലോകകപ്പ് ക്രിക്കറ്റിന്‍റെ ആവേശം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. എണ്ണംപറഞ്ഞ് എത്തിയ ടീമുകളില്‍ വമ്പന്മാരായ നാലുപേരുടെ പോരാട്ടത്തിന്‍റെ അലയൊലി ലോകമൊട്ടാകെ വര്‍ധിച്ചുകഴിഞ്ഞു. മിന്നും ഫോമില്‍ അപരാജിത മുന്നേറ്റവുമായി മുന്നേറുന്ന ഇന്ത്യ, ലോകകപ്പ് ആതിഥേയത്വം വഹിച്ചുകൊണ്ട് കപ്പുയര്‍ത്താനുള്ള എല്ലാവിധ സാധ്യതകളും ഏറെയുമാണ്.
ഇന്ത്യയുടെ ലോകകപ്പിലേക്കുള്ള ഓട്ടത്തില്‍ സന്തോഷവും അതിലുപരി ടീമിന്‍റെ പ്രകടനത്തിലെ ഒത്തിണക്കത്തെയും പ്രകീര്‍ത്തിച്ചെത്തിയിരിക്കുകയാണ് ഇതിഹാസ വിക്കറ്റ് കീപ്പര്‍ ഫറോഖ് എഞ്ചിനീയര്‍. അദ്ദേഹം ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍:
ഇത് ചാമ്പ്യന്‍ ടീം: അതിഥേയത്വം വഹിക്കുന്ന രാജ്യമെന്ന നിലയില്‍ ടീം ഇന്ത്യയുടെ പ്രകടനം കയ്യടി അര്‍ഹിക്കുന്നതാണ്. ലോകകപ്പിലെ തന്നെ മികച്ച ടീമാണ് നമ്മള്‍. മാത്രമല്ല, ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തരായ ഇന്ത്യന്‍ നിരയും ഇതാണ്. കാരണം ഈ ടീം എല്ലാ നിലയിലും സന്തുലിതമാണ് എന്നതുതന്നെ.
ഫീല്‍ഡിങില്‍ ടീം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ മത്സരത്തിന് ശേഷം (ഓസ്‌ട്രേലിയയ്‌ക്കെതിരെ ചെന്നൈയിലെ ചെപ്പോക്കില്‍) തന്നെ ഞാന്‍ എന്‍റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഈ ടീമാണ് ചാമ്പ്യന്മാരെന്ന്. കിരീടമുയര്‍ത്താന്‍ ഇന്ത്യയെക്കാള്‍ മികച്ച മറ്റൊരു ടീമില്ലെന്ന് ഇതിഹാസ താരം പറഞ്ഞു.
2015 ലെയും 2019 ലെയും ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ച് സെമിയിലെത്തിയിരുന്നു. എന്നാല്‍ ഈ രണ്ട് തവണയും അവര്‍ക്ക് സെമി കടക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ത്യയുടെ നിലവിലെ ലോകകപ്പ് ജൈത്രയാത്ര മുമ്പുള്ളതിനെക്കാള്‍ വ്യത്യസ്‌തമാണെന്ന് ഫറോഖ് എഞ്ചിനീയര്‍ അഭിപ്രായപ്പെട്ടു.
പരിശീലകനും താരങ്ങള്‍ക്കും പ്രശംസ: ടീം ഇന്ത്യയുടെ ബാറ്റിങിലും ബൗളിങിലും ഇത്രയും മൂര്‍ച്ഛ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ നിലവിലെ ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെടാനുള്ള ഒരു കാരണവും ഞാന്‍ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ പ്രയത്നത്തെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.
പരിശീലകനെന്ന നിലയില്‍ അത്ഭുതകരമായ ജോലിയാണ് രാഹുല്‍ ദ്രാവിഡ് ചെയ്യുന്നത്. അദ്ദേഹം (രാഹുല്‍ ദ്രാവിഡ്) കാരണമാണ് ടീം ഇന്ത്യ വളരെ ആകർഷകവും പോസിറ്റീവുമായ ക്രിക്കറ്റ് കളിക്കുന്നത്. ഏത് സാഹചര്യത്തിലും മത്സരം ജയിക്കാന്‍ ഇത് അത്യന്താപേക്ഷിതവുമാണ്. മാത്രമല്ല ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പുകഴ്‌ത്താനും ഇതിഹാസ താരം സമയം കണ്ടെത്തി.
ക്യാപ്റ്റൻ രോഹിത് ശർമ മുന്നോട്ടുവന്ന് ടീമിനെ നയിക്കുന്നുണ്ട്. ടൂര്‍ണമെന്‍റില്‍ ഇതുവരെ 442 റൺസ് നേടിയിട്ടുള്ള രോഹിത് ശർമ തനിക്കുവേണ്ടിയല്ല, മറിച്ച് ടീമിന് വേണ്ടിയാണ് ലോകകപ്പിൽ കളിക്കുന്നതെന്നും ഫറോഖ് എഞ്ചിനീയര്‍ പറഞ്ഞു. ഹാർദിക് ടീമിലില്ലാത്തത് ദൗർഭാഗ്യകരമാണ്. എന്നാൽ പകരമെത്തിയ ഷമി അവനെപ്പോലെ തന്നെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
പേസര്‍ ജസ്‌പ്രീത് ബുംറ തന്‍റെ കരിയറിലെ തന്നെ മികച്ച ഫോമിലാണ് കളിക്കുന്നത്. കുൽദീപിന്‍റെ പന്തുകൾ വിദേശ താരങ്ങള്‍ക്ക് മനസിലാക്കാന്‍ പോലും കഴിയില്ല. സിറാജ്, ജഡേജ, കോഹ്‌ലി എന്നിവരും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ക്യാപ്‌റ്റന്‍ എന്ന നിലയില്‍ രോഹിത് ശര്‍മ ഇതിനെക്കാള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.