പൂനെ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) തുടര്‍ച്ചയായ ഏഴാം വിജയവുമായി ഓസ്‌ട്രേലിയ. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബംഗ്ലാദേശിനെ എട്ട് വിക്കറ്റുകള്‍ക്കാണ് കങ്കാരുക്കള്‍ തകര്‍ത്തത് (Australia vs Bangladesh Highlights). ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് നേടിയ 306 റണ്‍സിന് മറുപടിക്കിറങ്ങിയ ഓസീസ് 44.4 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 307 റണ്‍സെടുത്തു.
വെടിക്കെട്ട് സെഞ്ചുറിയുമായി കളം നിറഞ്ഞ മിച്ചല്‍ മാര്‍ഷാണ് (Mitchell Marsh) ഓസീസിനെ അനായാസ വിജയത്തിലേക്ക് എത്തിച്ചത്. 132 പന്തില്‍ പുറത്താവാതെ 177 റണ്‍സാണ് മാര്‍ഷ് അടിച്ചെടുത്തത്. 17 ബൗണ്ടറികളും ഒമ്പത് സിക്‌സറുകളുമാണ് താരം പറത്തിയത്. സ്റ്റീവ് സ്‌മിത്ത് (64 പന്തില്‍ 63*), ഡേവിഡ് വാര്‍ണര്‍ (61 പന്തില്‍ 53) എന്നിവരും മിന്നി.
ലക്ഷ്യം പിന്തുടരാനിറങ്ങിയ ഓസീസിന് തുടക്കം തന്നെ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ (11 പന്തില്‍ 10) നഷ്‌ടമായി. എന്നാല്‍ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ടീമിനെ ട്രാക്കിലാക്കി. 23-ാം ഓവറില്‍ പിരിയും മുമ്പ് 110 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും കണ്ടെത്തിയത്.
വാര്‍ണറെ മുസ്‌തഫിസുർ റഹ്മാൻ നജ്‌മുള്‍ ഹൊസൈൻ ഷാന്‍റോയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു. പിന്നാലെ വന്ന സ്റ്റീവ് സ്‌മിത്ത് പിന്തുണ നല്‍കിയതോടെ മാര്‍ഷ് ഒരറ്റത്ത് കത്തിക്കയറിയതോടെ ഓസീസ് വിജയ തീരം തൊട്ടു. പിരിയാത്ത മൂന്നാം വിക്കറ്റില്‍ 175 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദും മുസ്‌തഫിസുർ റഹ്മാനും ഓരോ വിക്കറ്റുകള്‍ വീതം നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റിനാണ് 306 റൺസിലേക്ക് എത്തിയത്. തൗഹീദ് ഹൃദോയിയുടെ (Towhid Hridoy) അര്‍ധ സെഞ്ചുറിയാണ് ടീമിന്‍റെ കരുത്തായത്. 79 പന്തുകളില്‍ നിന്നും 74 റൺസാണ് താരം നേടിയത്. തൻസിദ് ഹസന്‍ (34 പന്തില്‍ 36), ലിറ്റണ്‍ ദാസ് (45 പന്തില്‍ 36), നജ്‌മുള്‍ ഹുസൈൻ ഷാന്‍റോ (57 പന്തില്‍ 45), മഹ്മൂദുള്ള (28 പന്തില്‍ 32), മുഷ്‌ഫിഖുര്‍ റഹീം (24 പന്തില്‍ 21), മെഹ്ദി ഹസന്‍ (20 പന്തില്‍ 29) എന്നിവരും നിര്‍ണായകമായി.
ഓപ്പണര്‍മാരായ തൻസിദ് ഹസനും ലിറ്റണ്‍ ദാസും ആദ്യ വിക്കറ്റില്‍ 76 റണ്‍സ് ചേര്‍ത്തു. 12-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ തൻസിദ് ഹസനെ സീന്‍ ആബോട്ട് മടക്കി. ക്യാപ്റ്റന്‍ നജ്‌മുള്‍ ഹുസൈൻ ഷാന്‍റോയ്‌ക്കൊപ്പം 30 റണ്‍സ് ചേര്‍ത്തതിന് പിന്നാലെ ലിറ്റണ്‍ ദാസിനെ ആദം സാംപ വീഴ്‌ത്തി. തുടര്‍ന്നാണ് തൗഹീദ് ഹൃദോയ് ക്രീസിലേക്ക് എത്തുന്നത്.
താരത്തോടൊപ്പം മികച്ച രീതിയില്‍ കളിക്കുകയായിരുന്ന നജ്‌മുള്‍ ഹുസൈൻ ഷാന്‍റോ 28-ാം ഓവറില്‍ റണ്ണൗട്ടായി. തുടര്‍ന്നെത്തിയവര്‍ക്കൊപ്പം നല്ല കൂട്ടുകെട്ടുതീര്‍ക്കാന്‍ തൗഹീദ് ഹൃദോയ്ക്ക് കഴിഞ്ഞതാണ് ബംഗ്ലാ ടീമിന് മുതല്‍ക്കൂട്ടായത്. മഹ്മൂദുള്ളയോടൊപ്പം 44 റണ്‍സും, മുഷ്‌ഫിഖര്‍ റഹീമിനോടൊപ്പം 37 റണ്‍സും, മെഹ്ദി ഹസനൊപ്പം 35 റണ്‍സുമാണ് ഹൃദോയ് കണ്ടെത്തിയത്.
ALSO READ: 'ഷമി, സിറാജ്, ബുംറ ത്രയം അവര്‍ക്ക് താഴെ' ; ഇന്ത്യയുടെ എക്കാലത്തേയും മികച്ച പേസ് നിര ഇതെന്ന് ദാദ
മഹ്മൂദുള്ള റണ്ണൗട്ടായപ്പോള്‍ മുഷ്‌ഫിഖര്‍ റഹീമിനെ ആദം സാംപ പാറ്റ് കമ്മിന്‍സിന്‍റെ കയ്യിലെത്തിച്ചു. പിന്നീട് മാർകസ് സ്റ്റോയിനിസാണ് ഹൃദോയിയുടെ ചെറുത്ത് നില്‍പ്പ് അവസാനിപ്പിച്ചത്. ടീമിനെ 300 കടത്തിയതിന് ശേഷം മെഹ്ദി ഹസന്‍ മടങ്ങിയപ്പോള്‍ നസും അഹമ്മദ് (11 പന്തില്‍ 7) അവസാന ഓവറില്‍ റണ്ണൗട്ടായി. ഈ ലോകകപ്പില്‍ ബംഗ്ലാദേശിന്‍റെ ഏഴാം തോല്‍വിയാണിത്. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച ഒമ്പതില്‍ രണ്ട് കളികള്‍ മാത്രമാണ് ടീമിന് ജയിക്കാന്‍ കഴിഞ്ഞത്.