കേപ്‌ടൗണ്‍ : വനിത ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ അങ്കത്തിനിറങ്ങുന്നു. ചിരവൈരികളായ പാകിസ്ഥാനാണ് എതിരാളി. ഗ്രൂപ്പ് ബിയുടെ ഭാഗമായ മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്ക് ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ആരംഭിക്കുക.
ടൂര്‍ണമെന്‍റിന്‍റെ എട്ടാം പതിപ്പില്‍ തങ്ങളുടെ പ്രഥമ കിരീടമാണ് ഇന്ത്യയും പാകിസ്ഥാനും ലക്ഷ്യം വയ്‌ക്കുന്നത്. നേരത്തെയുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് വ്യക്തമായ ആധിപത്യമുണ്ട്. ടി20യില്‍ ഇതേവരെ 13 തവണയാണ് ഇരു ടീമുകളും പരസ്‌പരം പോരടിച്ചത്.
ഇതില്‍ 10 തവണവും ഇന്ത്യ ജയം പിടിച്ചപ്പോള്‍ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് പാകിസ്ഥാന് നേടാന്‍ കഴിഞ്ഞത്. ടി20 ലോകകപ്പ് വേദിയില്‍ ഇതിന് മുന്‍പ് ആറ് തവണയാണ് ഇന്ത്യ പാക് പോരാട്ടം നടന്നത്. ഇതില്‍ നാല് മത്സരങ്ങളും ഇന്ത്യയ്‌ക്കൊപ്പം നിന്നപ്പോള്‍ രണ്ട് പ്രാവശ്യമാണ് പാകിസ്ഥാന് വിജയിക്കാന്‍ കഴിഞ്ഞത്.
കടം വീട്ടി കണക്ക് തീര്‍ക്കാന്‍ ഇന്ത്യ : കഴിഞ്ഞ ഏഷ്യ കപ്പിലാണ് ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. സിൽഹറ്റിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നു. ഈ തോല്‍വിക്ക് കണക്ക് സഹിതം കടം തീര്‍ക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.
വൈസ് ക്യാപ്റ്റന്‍ സ്‌മൃതി മന്ദാനയുടെ പരിക്ക് ഇന്ത്യയ്‌ക്ക് തിരിച്ചടിയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ സന്നാഹ മത്സരത്തില്‍ ഇടത് നടുവിരലിന് പരിക്കേറ്റ 26കാരിക്ക് പാകിസ്ഥാനെതിരെ കളിക്കാന്‍ കഴിയില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ബംഗ്ലാദേശിനെതിരായ രണ്ടാം സന്നാഹ മത്സരത്തിനും സ്‌മൃതി ഇറങ്ങിയിരുന്നില്ല.
എന്നാല്‍ പരിക്ക് മാറി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ തിരിച്ചെത്തുന്നത് സംഘത്തിന് ആശ്വാസമാണ്. നേരത്തെ നടന്ന ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഹര്‍മന്‍റെ തോളിന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ വിശ്രമത്തിലായിരുന്ന താരം ഫിറ്റാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് തുടങ്ങിയ താരങ്ങളുടെ ബാറ്റിങ് മികവ് ഇന്ത്യയ്‌ക്ക് നിര്‍ണായകമാവും. ഓള്‍റൗണ്ടര്‍മാരായ ദീപ്‌തി ശര്‍മ, ദേവിക വൈദ്യ, പൂജ വസ്ത്രാകര്‍ എന്നിവരിലും ഇന്ത്യയ്‌ക്ക് പ്രതീക്ഷ ഏറെയാണ്.
രാജേശ്വരി ഗെയ്‌ക്‌വാദ്, രാധ യാദവ്, രേണുക സിങ്, അഞ്ജലി ശര്‍വാണി, ശിഖ പാണ്ഡെ എന്നിവരാണ് ബോളിങ് യൂണിറ്റിലെ പ്രധാന പേരുകാര്‍. സ്‌പിന്നിന്‍റെയും പേസിന്‍റെയും മികച്ച മിശ്രണമാണ് ഇന്ത്യയ്‌ക്കുള്ളത്.
ബിസ്‌മ മറൂഫിന്‍റെ നേതൃത്വത്തിലാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. ഫാസ്റ്റ് ബോളര്‍ ഡയാന ബെയ്‌ഗിന്‍റെ അഭാവം സംഘത്തിന് കനത്ത തിരിച്ചടിയാണ്. കൈവിരലിനേറ്റ പരിക്കിൽ നിന്നും മുക്തയാവാന്‍ കഴിയാതെ വന്നതോടെയാണ് താരത്തിന് പുറത്തിരിക്കേണ്ടി വന്നത്. എന്നാൽ സ്പിന്നർമാരായ തുബ ഹസ്സൻ, നഷ്‌റ സന്ധു, നിദ ദാർ എന്നിവർക്ക് മത്സരത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് പാകിസ്ഥാന്‍റെ കണക്കുകൂട്ടല്‍.
എവിടെ കാണാം : സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലാണ് വനിത ടി20 ലോകകപ്പ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി+ഹോട്സ്റ്റാര്‍ വഴി ഓണ്‍ലൈനായും മത്സരം കാണാം.
ഇന്ത്യ സാധ്യത ഇലവന്‍ : ഷഫാലി വർമ, യാസ്തിക ഭാട്ടിയ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (സി), റിച്ച ഘോഷ്, ദേവിക വൈദ്യ, ദീപ്തി ശർമ, പൂജ വസ്ത്രാകർ, രേണുക സിങ്, രാജേശ്വരി ഗെയ്ക്വാദ്, അഞ്ജലി ശർവാണി.
പാകിസ്ഥാന്‍ സാധ്യത ഇലവന്‍: സിദ്ര അമീൻ, മുനീബ അലി, ബിസ്‌മ മറൂഫ് (സി), ഒമൈമ സൊഹൈൽ, നിദ ദാർ, ആലിയ റിയാസ്, സിദ്ര നവാസ് , ഫാത്തിമ സന, നഷ്‌റ സന്ധു, തുബ ഹസ്സൻ, ഐമാൻ അൻവർ/സാദിയ ഇഖ്ബാൽ.