ദുബായ്: ഐസിസി ടി20 റാങ്കിങ്ങിൽ ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തിനായുള്ള മത്സരം കടുപ്പിച്ച് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള പാക് താരം മുഹമ്മദ് റിസ്‌വാനേക്കാള്‍ 16 റേറ്റിങ് പോയിന്‍റ് മാത്രമാണ് നിലവില്‍ സൂര്യകുര്‍ പിന്നിലുള്ളത്. 838 റേറ്റിങ് പോയിന്‍റാണ് സൂര്യയ്‌ക്കുള്ളത്.
854 ആണ് റിസ്‌വാന്‍റെ റേറ്റിങ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് സൂര്യയ്‌ക്ക് തുണയായത്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് കളികളിലും അര്‍ധ സെഞ്ച്വറിയുമായി താരം തിളങ്ങി. അവസാന ടി20യില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ റിസ്‌വാനെ മറികടക്കാനും താരത്തിന് കഴിയുമായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ഏഴ് മത്സര പരമ്പരയിലെ ആറാം മത്സരത്തില്‍ വിശ്രമം അനുവദിച്ചതും, അവസാന മത്സരത്തില്‍ നിറം മങ്ങിയതുമാണ് റിസ്‌വാന് തിരിച്ചടിയായത്. ആറാം ടി20യിൽ വിശ്രമം നൽകാതെയും അവസാന ടി20യിൽ ഗണ്യമായ സ്‌കോർ നേടുകയും ചെയ്‌തിരുന്നെങ്കിൽ റിസ്‌വാന് തന്‍റെ ലീഡ് വർധിപ്പിക്കാമായിരുന്നു
ഇതോടെ ടി20 ലോകകപ്പിലെ പ്രകടനം ഇരു താരങ്ങള്‍ക്കും നിര്‍ണായകമാവും. പാക് നായകന്‍ ബാബര്‍ അസം (801), ദക്ഷിണാഫ്രിക്കയുടെ എയ്‌ഡന്‍ മാര്‍ക്രം (777), ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലാന്‍ (733) എന്നിവരാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍.
പ്രോട്ടീസിനെതിരായ പ്രകടനത്തോടെ ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലും നേട്ടമുണ്ടാക്കി. മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന രാഹുല്‍ 14-ാം റാങ്കിലാണ്. ഇന്ത്യയ്‌ക്കെതിരായ പ്രകടനത്തോടെ പ്രോട്ടീസിന്‍റെ ക്വിന്‍റണ്‍ ഡി കോക്ക് ( എട്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 12-ാം റാങ്കില്‍) , റിലീ റൂസ്സോ (23 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 29-ാം റാങ്കില്‍) എന്നിവരും നേട്ടമുണ്ടാക്കി.
also read: ടി20 ലോകകപ്പ്: 'തല്ലുകൊള്ളി ഹര്‍ഷല്‍ മാത്രമല്ല'; മൊത്തത്തില്‍ പരിഹാരം വേണമെന്ന് രോഹിത്തും ദ്രാവിഡും