ദുബായ് : ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര നേട്ടത്തോടെ ഐസിസി റാങ്കിങ്ങിലും നേട്ടം കൊയ്‌ത് ഇന്ത്യന്‍ ടീം. ഐസിസിയുടെ ഏറ്റവും പുതിയ ടി20 ടീം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിർത്തിയ ഇന്ത്യ ഒരു റേറ്റിങ് പോയിന്‍റ് കൂടി സ്വന്തമാക്കി. ഇതോടെ ഇന്ത്യയ്‌ക്ക് 268 റേറ്റിങ് പോയിന്‍റായി.
രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനേക്കാള്‍ ഏഴ് റേറ്റിങ് പോയിന്‍റുകള്‍ക്കാണ് ഇന്ത്യ മുന്നിലുള്ളത്. 261 റേറ്റിങ് പോയിന്‍റാണ് ഇംഗ്ലണ്ടിനുള്ളത്.പാകിസ്ഥാനെതിരെ നാലാം ടി20യിലെ തോല്‍വി ഇംഗ്ലണ്ടിന് തിരിച്ചടിയായി.
കറാച്ചിയില്‍ നടന്ന മത്സരത്തില്‍ മൂന്ന് റൺസിനാണ് ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയത്. 258 പോയിന്‍റുള്ള ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ എന്നീ ടീമുകള്‍ മൂന്നും നാലും സ്ഥാനത്തുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ ജയിച്ചാൽ പാകിസ്ഥാന് രണ്ടാം സ്ഥാനത്തേക്ക് ഉയരാം.
252 പോയിന്‍റുമായി ന്യൂസിലാൻഡ് അഞ്ചാമതാണ്. ഇന്ത്യയ്‌ക്കെതിരായ പരമ്പര നഷ്‌ടത്തോടെ ഒരു പോയിന്‍റ് നഷ്‌ടമായ ഓസ്ട്രേലിയ 250 പോയിന്‍റോടെ ആറാം സ്ഥാനത്താണ്. വെസ്റ്റ് ഇൻഡീസ് (241), ശ്രീലങ്ക (237), ബംഗ്ലാദേശ് (224), അഫ്‌ഗാനിസ്ഥാൻ (219) എന്നീ ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിൽ.
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സര പരമ്പര 2-1നാണ് ഇന്ത്യ നേടിയത്. ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ഇന്ത്യ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളും ജയിക്കുകയായിരുന്നു. മൊഹാലിയില്‍ നടന്ന ഒന്നാം ടി20യില്‍ നാല് വിക്കറ്റിന്‍റെ ജയമാണ് ഓസ്‌ട്രേലിയ നേടിയത്. തുടര്‍ന്ന് യഥാക്രമം നാഗ്‌പൂരിലും ഹൈദരാബാദിലും നടന്ന മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റുകള്‍ക്കാണ് ജയിച്ചത്.