ദുബൈ: ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് ഐസിസി പ്ലയര്‍ ഓഫ് ദി മന്ത് (ഡിസംബര്‍) അവാര്‍ഡിന് നാമനിര്‍ദേശം. ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ന്യൂസിലന്‍ഡ് സ്‌പിന്നര്‍ അജാസ് പട്ടേല്‍ എന്നിവരാണ് മായങ്കിനെ കൂടാതെ പട്ടികയിലുള്ളത്.
ഇന്ത്യയുടെ സ്ഥിരം ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് ന്യൂസിലന്‍ഡിനും സൗത്ത് ആഫ്രിക്കയ്‌ക്കും എതിരായ ടെസ്റ്റ് ടീമില്‍ മായങ്കിന് ഇടം ലഭിച്ചത്.
രണ്ട് മത്സരങ്ങളില്‍ 69.00 ശരാശരിയില്‍ 276 റണ്‍സാണ് മായങ്ക് അടിച്ച് കൂട്ടിയത്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെയാണ് മായങ്കിന്‍റെ നേട്ടം.
ഒരു ഇന്നിങ്സിലെ പത്ത് വിക്കറ്റ് എന്ന ചരിത്ര നേട്ടത്തോടെയാണ് അജാസ് പട്ടികയില്‍ ഇടം പിടിച്ചത്. ഇന്ത്യയ്‌ക്കെതിരെ മുംബൈയില്‍ നടന്ന മത്സരത്തിലാണ് ഒരു ഇന്നിങ്സിലെ പത്ത് വിക്കറ്റും അജാസ് സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് താരം ജിം ലോക്കർ, ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെ എന്നിവർക്ക് ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അജാസിന്‍റെ അപൂര്‍വ്വ നേട്ടം. ഡിസംബറില്‍ ഒരു ടെസ്റ്റ് മാത്രം കളിച്ച താരം 16.07 ശരാശരിയില്‍ 14 വിക്കറ്റുകള്‍ നേടിയിരുന്നു.
also read: 'മികവ് പുലർത്തുന്നവർക്ക് പരാജയപ്പെടാനും അവകാശമുണ്ട്'; കോലിക്ക് പിന്തുണയുമായി ഡേവിഡ് വാർണർ
ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ബോളുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങിയതാണ് സ്റ്റാര്‍ക്കിന് തുണയായത്. ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളില്‍ 19.64 ശരാശരിയില്‍ 14 വിക്കറ്റുകള്‍ നേടിയ താരം 58.50 ശരാശരിയില്‍ 177 റണ്‍സും അടിച്ചെടുത്തിരുന്നു.