കേപ്‌ടൗണ്‍ : ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച്ച് ക്ലാസൻ. (Heinrich Klaasen Test retirement). ഇന്ത്യയ്‌ക്കെതിരെ അടുത്തിടെ സമാപിച്ച രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് ക്ലാസന്‍റെ വിരമിക്കല്‍. വൈകാരികമായ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് 32-കാരന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഉറക്കമില്ലാത്ത ചില രാത്രികള്‍ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനത്തിലെത്തിയെന്നാണ് ക്ലാസന്‍ തന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്. "ശരിയായ തീരുമാനമാണ് എടുക്കുന്നതെങ്കില്‍, റെഡ് -ബോള്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിക്കുകയാണ്. ഞാൻ എടുത്തത് ബുദ്ധിമുട്ടുള്ള തീരുമാനമാണ്, കാരണം ക്രിക്കറ്റില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ഫോർമാറ്റാണിത്.
മൈതാനത്തിനകത്തും പുറത്തും നേരിടേണ്ടി വന്ന പോരാട്ടങ്ങളാണ് എന്നെ ഇന്നത്തെ ക്രിക്കറ്ററാക്കിയത്. മഹത്തരമായൊരു യാത്രയായിരുന്നു അത്. എന്‍റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം ഏറെയാണ്. എനിക്ക് ലഭിച്ച ടെസ്റ്റ് ക്യാപ്പിന്‍റെ മൂല്യം ഏറെയാണ്"- ഹെൻറിച്ച് ക്ലാസൻ പ്രസ്‌താവനയില്‍ പറഞ്ഞു.
2019-ൽ റാഞ്ചിയിൽ ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരം 2023-ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഫോര്‍മാറ്റില്‍ അവസാനമായി കളിച്ചത്. ഇക്കാലയളവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി നാല് മത്സരങ്ങളിലാണ് ക്ലാസന്‍ ഇറങ്ങിയിട്ടുള്ളത്. എട്ട് ഇന്നിങ്‌സുകളില്‍ നിന്നായി 13 ശരാശരിയിൽ 104 റൺസാണ് നേടിയിട്ടുള്ളത് (Heinrich Klaasen Test Career).
ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയിൽ നേടിയ 35 റൺസാണ് ഉയർന്ന സ്‌കോർ. ടെസ്റ്റില്‍ നിന്നും വിരമിച്ചെങ്കിലും ഹെൻറിച്ച് ക്ലാസൻ ദക്ഷിണാഫ്രിക്കയ്‌ക്കായി ഏകദിന, ടി20 ഫോര്‍മാറ്റില്‍ കളിക്കാനിറങ്ങും. അതേസമയം ഇന്ത്യയ്‌ക്ക് എതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കെയ്ൽ വെറെയ്നെ ആയിരുന്നു വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയിരുന്നത്.
പരമ്പരയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും ഹെൻറിച്ച് ക്ലാസൻ വിരമിച്ചതോടെ കെയ്ൽ വെറെയ്നെയ്‌ക്ക് ടീമില്‍ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. 2024-ൽ ഇനി ഏഴ് ടെസ്റ്റുകളാണ് ദക്ഷിണാഫ്രിക്ക കളിക്കുക. വെസ്റ്റ് ഇൻഡീസിലും ബംഗ്ലാദേശിലും രണ്ട് വീതം, നാട്ടിൽ ശ്രീലങ്കയ്‌ക്കെതിരെ രണ്ടും പാകിസ്ഥാനെതിരെ ഒരു ടെസ്റ്റുമാണ് പ്രോട്ടീസിനെ കാത്തിരിക്കുന്നത്.
അതേസമയം ഈ വര്‍ഷം ക്രിക്കറ്റിന്‍റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നിന്നും വിരമിക്കുന്ന രണ്ടാമത്തെ താരമാണ് ഹെൻറിച്ച് ക്ലാസൻ. ഇന്ത്യയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് പിന്നാലെ ഡീൻ എൽഗാറും ക്രിക്കറ്റ് മതിയാക്കിയിരുന്നു. സ്ഥിരം നായകന്‍ ടെംബ ബാവുമയ്‌ക്ക് പരിക്കേറ്റതോടെ എല്‍ഗാറിന് കീഴിലായിരുന്നു ദക്ഷിണാഫ്രിക്ക പരമ്പര കളിച്ചത്.
ALSO READ: അഫ്‌ഗാനെതിരെ രാഹുലിനെ പുറത്തിരുത്തിയത് സഞ്‌ജുവിന് ഗുണം ചെയ്യും ; കാരണമറിയാം
സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പ്രോട്ടീസ് ഇന്നിങ്‌സിനും 32 റണ്‍സിനും വിജയിച്ചപ്പോള്‍ എല്‍ഗാറിന്‍റെ സെഞ്ചുറി പ്രകടനം ഏറെ നിര്‍ണായകമായിരുന്നു. 185 റണ്‍സടിച്ച എല്‍ഗാര്‍ മത്സരത്തിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ കേപ്‌ടൗണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചപ്പോള്‍ താരത്തിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മത്സരത്തില്‍ പ്രോട്ടീസിനെ ഏഴ് വിക്കറ്റുകള്‍ക്ക് തകര്‍ക്കാനും സന്ദര്‍ശകര്‍ക്ക് കഴിഞ്ഞിരുന്നു.