ദുബായ്: ഐസിസിയുടെ വനിത ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം. ബാറ്റർമാരുടെ പട്ടികയിൽ ഹർമൻപ്രീത് കൗർ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 20-ാം റാങ്കിലേക്ക് എത്തി. ന്യൂസിലൻഡിനെതിരായ അവസാന ഏകദിനത്തിലെ മികച്ച പ്രകടനമാണ് ഹർമൻപ്രീതിന് റാങ്കിങ്ങിൽ ഉയർച്ച നേടിക്കൊടുത്തത്.
ഇന്ത്യൻ ക്യാപ്‌റ്റൻ മിതാലി രാജ്, സ്റ്റാർ ബാറ്റർ സ്‌മൃതി മന്ദാന എന്നിവർ യഥാക്രമം രണ്ട്, എട്ട് സ്ഥാനങ്ങളിൽ തുടരുന്നു. ന്യൂസിലൻഡിനെതിരായ അവസാന മത്സരത്തിലെ 73 റണ്‍സ് നേട്ടത്തിലൂടെയാണ് സ്‌മൃതി മന്ദാന തന്‍റെ സ്ഥാനം മെച്ചപ്പെടുത്തിയത്. ഓസ്ട്രേലിയയുടെ അലേസ ഹീലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
ALSO READ: ഉപരോധം തുടർന്ന് കായിക ലോകം ; പുടിന്‍റെ ബ്ലാക്ക് ബെൽറ്റ് തിരിച്ചെടുത്ത് ലോക തായ്‌ക്വോണ്ടോ ഫെഡറേഷൻ
ബൗളർമാരുടെ പട്ടികയിൽ ഇന്ത്യൻ ഓൾറൗണ്ടർ ദീപ്‌തി ശർമ്മ സ്ഥാനം മെച്ചപ്പെടുത്തി. മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 12-ാം സ്ഥാനത്താണ് നിലവിൽ ദീപ്‌തി. എന്നാൽ ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒരു സ്ഥാനം നഷ്‌ടപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് ദീപ്‌തി വീണു. പട്ടികയിൽ നാലാം സ്ഥാനത്തുള്ള സീനിയർ പേസർ ജൂലൻ ഗോസ്വാമിയാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം.