മുംബൈ: ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ അടുത്തിടെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. തങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ടീമാണിതെന്നായിരുന്നു പ്രഖ്യാപന വേളയിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ (Rohit Shrama) പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ ടീമില്‍ രണ്ട് താരങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്.
വെറ്ററന്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍, പേസര്‍ അർഷ്‌ദീപ് സിങ് എന്നിവരുടെ അഭാവത്തെക്കുറിച്ചാണ് ഹര്‍ഭജന്‍ സിങ് പറയുന്നത് (Harbhajan Singh on Exclusion of Yuzvendra Chahal and Arshdeep Singh in ODI World Cup 2023 India Squad). ന്യൂബോളില്‍ വിക്കറ്റ് വീഴ്‌ത്താന്‍ കഴിവുള്ള ഇടങ്കയ്യന്‍ സീമറായിരുന്നു അര്‍ഷ്‌ദീപ് സിങ് എന്നാണ് ഹര്‍ഭജന്‍ പറയുന്നത് (Harbhajan Singh on Arshdeep Singh).
"അര്‍ഷ്‌ദീപ് ഒരു ഇടങ്കയ്യന്‍ സീമറാണ്. ന്യൂബോളില്‍ അവന് ഇന്‍ സ്വിങ്ങര്‍ കണ്ടെത്താന്‍ കഴിഞ്ഞെങ്കില്‍ ഇന്ത്യയ്‌ക്ക് അതു ഏറെ ഗുണം ചെയ്യുമായിരുന്നു. തുടക്കത്തിൽ തന്നെ അവന്‍ രണ്ട് വിക്കറ്റുകള്‍ നേടിയാല്‍ കളിയുടെ ഗതിയെ തന്നെ അതു മാറ്റി മറിച്ചേക്കാം. വലങ്കയ്യന്‍ ബോളര്‍മാര്‍ക്ക് അതിന് കഴിയില്ല എന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്.
പക്ഷേ ഒരു ഇടങ്കയ്യന്‍ സീമറിന് വിക്കറ്റ് നേടാനുള്ള യഥാർഥ ആംഗിൾ ലഭിക്കും. ഷഹീൻ ഷാ അഫ്രീദി അല്ലെങ്കിൽ മിച്ചൽ സ്റ്റാർക്ക് എന്നിവര്‍ എങ്ങനെയെന്ന് നിങ്ങൾക്ക് കാണാം. അവർ മത്സരത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്" - ഹര്‍ഭജന്‍ സിങ് പറഞ്ഞു.
2015-ലെ ലോകകപ്പില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഓസ്‌ട്രേലിയയ്‌ക്കായി നടത്തിയ പ്രകടനവും ഹര്‍ഭജന്‍ ഓര്‍ത്തെടുത്തു. "2015-ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയ വിജയിച്ചപ്പോള്‍ സ്റ്റാര്‍ക്ക് ചെലുത്തിയ സ്വാധീനം ചെറുതൊന്നുമായിരുന്നില്ല. ഫൈനലില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ ബ്രണ്ടന്‍ മക്കല്ലത്തെ ആദ്യ പന്തില്‍ തന്നെ തിരിച്ചയക്കാന്‍ സ്റ്റാര്‍ക്കിന് കഴിഞ്ഞിരുന്നു.
ഇടങ്കയ്യന്‍ പേസര്‍മാരുടെ ഉള്ളിലേക്ക് കുത്തിത്തിരിയുന്ന വേഗമേറിയ അത്തരം പന്തുകളില്‍ കളിക്കുക വലങ്കയ്യന്‍ ബാറ്ററെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്" - 2011-ല്‍ ഇന്ത്യയുടെ ലോകകപ്പ് ജേതാവായ ഹര്‍ഭജന്‍ സിങ് പറഞ്ഞു.
ചാഹല്‍ മാച്ച് വിന്നര്‍ (Harbhajan Singh on Exclusion of Yuzvendra Chahal in ODI World Cup 2023 India Squad): "താനൊരു മാച്ച് വിന്നറാണെന്ന് പലതവണ തെളിയിച്ച ആളാണ് യുസ്‌വേന്ദ്ര ചാഹൽ. മറ്റേതൊരു സ്പിന്നറെക്കാളും കൂടുതൽ വിക്കറ്റുകൾ നേടിയവരില്‍ ഒരാള്‍. മറ്റേതെങ്കിലും രാജ്യത്തിന് വേണ്ടി കളിക്കുകയാണെങ്കിൽ, അവൻ എപ്പോഴും പ്ലേയിങ് ഇലവനിൽ ഉണ്ടായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
ഇത്രയും കഴിവ് തെളിയിച്ച അവന്‍, ഇന്ത്യന്‍ ടീമിലും ഉണ്ടാകണമായിരുന്നു. ഞാൻ മാനേജ്‌മെന്റിന്‍റെ ഭാഗമായിരുന്നുവെങ്കിൽ, തീർച്ചയായും അവനെ ടീമിൽ എടുക്കുമായിരുന്നു. കാരണം ഇന്ത്യൻ ക്രിക്കറ്റ് ടീം നന്നായി കളിക്കണമെന്നാണ് എന്‍റെ ആഗ്രഹം", ഹര്‍ഭജന്‍ സിങ് കൂട്ടിച്ചേര്‍ത്തു.