ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ 15ാം പതിപ്പിന് നാളെ (ഓഗസ്റ്റ് 27) യുഎഇയില്‍ തുടക്കം. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ശ്രീലങ്ക-അഫ്‌ഗാനിസ്ഥാന്‍ മത്സരത്തോടെയാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്. ദുബായ്‌ക്ക് പുറമെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലും മത്സരങ്ങള്‍ നടക്കും.
നേരത്തെ ശ്രീലങ്കയിലാണ് നിശ്ചയിച്ചിരുന്നതെങ്കിലും രാജ്യത്തെ രാഷ്‌ട്രീയ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ടൂര്‍ണമെന്‍റ് യുഎഇയിലേക്ക് മാറ്റിയത്. ടി20 ഫോര്‍മാറ്റില്‍ രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകളാണ് മത്സരിക്കുന്നത്. ടെസ്റ്റ് പദവിയുള്ള ഇന്ത്യ, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്ക് പുറമെ യോഗ്യതാമത്സരം കളിച്ചെത്തിയ ഹോങ്കോങ്ങുമാണ് ടൂര്‍ണമെന്‍റില്‍ പോരടിക്കുന്നത്.
പാകിസ്ഥാന്‍, ഹോങ്കോങ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യ. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ ഗ്രൂപ്പ് രണ്ടിന്‍റെ ഭാഗമാണ്. ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ മാറിമാറി നടക്കുന്ന ഏഷ്യ കപ്പ് അവസാനമായി 2018ലാണ് നടന്നത്. അന്ന് ഏകദിന ഫോര്‍മാറ്റില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യയാണ് ജേതാക്കളായത്. ഇക്കുറിയും ഇന്ത്യയാണ് ടൂര്‍ണമെന്‍റിന്‍റെ ഫേവറേറ്റുകളായി വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയുടെ മത്സരങ്ങള്‍ : ഓഗസ്റ്റ് 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഓഗസ്റ്റ് 31ന് ഹോങ്കോങ്ങിനേയും ഇന്ത്യ നേരിടും. ദുബായിലാണ് ഈ രണ്ട് മത്സരങ്ങളും നടക്കുക. സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഒമ്പത് വരെ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ നടക്കും. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്നവരാണ് സൂപ്പര്‍ ഫോറിലെത്തുക. ഇവിടെ നാല് ടീമുകളും പരസ്പരം ഓരോ മത്സരങ്ങള്‍ വീതം കളിക്കും. തുടര്‍ന്ന് ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനലിലേക്ക് മുന്നേറും. 11ന് ഞായറാഴ്‌ച ഫൈനലും നടക്കും.
എവിടെ കാണാം : ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഏഷ്യ കപ്പിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാര്‍. ഡിസ്‌നി ഹോട്‌സ്റ്റാര്‍ വഴിയും മത്സരം സംപ്രേഷണം ചെയ്യും. എല്ലാ ദിവസവും ഇന്ത്യന്‍സമയം രാത്രി ഏഴരയ്ക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക.