മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) വിജയക്കുതിപ്പ് തുടരാന്‍ ദക്ഷിണാഫ്രിക്ക ഇറങ്ങുന്നു. തോല്‍വികളില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന ബംഗ്ലാദേശാണ് ഇന്ന് (ഒക്ടോബര്‍ 24) പ്രോട്ടീസിന്‍റെ എതിരാളികള്‍. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം ആരംഭിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
നാല് കളികളില്‍ മൂന്ന് ജയമാണ് ദക്ഷിണാഫ്രിക്കയുടെ അക്കൗണ്ടില്‍. ആറ് പോയിന്‍റോടെ അവര്‍ നിലവില്‍ പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരാണ്. മറുവശത്ത് ഇതുവരെ ഒരു ജയം മാത്രം നേടിയ ബംഗ്ലാദേശിന്‍റെ സ്ഥാനം പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.
ബാറ്റിങ് കരുത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ നേരിടാന്‍ ഇന്നും റണ്‍സൊഴുകുന്ന വാങ്കഡെയില്‍ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്കെതിരെ 399 റണ്‍സ് അടിച്ച് കൂട്ടി 229 റണ്‍സിന്‍റെ ജയം സ്വന്തമാക്കാന്‍ അവര്‍ക്കായിരുന്നു. ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിന് മുന്നില്‍ അടിതെറ്റിയതൊഴിച്ചാല്‍ കരുത്തരായ എതിരാളികള്‍ക്കെതിരെയെല്ലാം ആധികാരികമായി തന്നെ ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് സാധിച്ചിട്ടുണ്ട്.
പ്രധാന ബാറ്റര്‍മാരുടെയെല്ലാം ഫോം ദക്ഷിണാഫ്രിക്കയ്ക്ക് സമ്മാനിക്കുന്ന പ്രതീക്ഷകള്‍ ചെറുതല്ല. ക്വിന്‍റണ്‍ ഡി കോക്ക്, എയ്‌ഡന്‍ മാര്‍ക്രം, വാന്‍ഡര്‍ ഡസന്‍, ഹെൻറിച്ച് ക്ലാസന്‍ എന്നിവര്‍ താളം കണ്ടെത്തിയാല്‍ ഇന്നും പ്രോട്ടീസിന് വമ്പന്‍ സ്കോര്‍ നേടാനാകും. ബൗളിങ് ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സന്‍റെയും ടെംബ ബാവുമയ്‌ക്ക് പകരം കഴിഞ്ഞ മത്സരം കളിച്ച റീസ ഹെൻഡ്രിക്‌സിന്‍റെയും ബാറ്റിങ്ങിലും പ്രോട്ടീസ് പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്.
ബൗളിങ്ങില്‍ പേസര്‍ കാഗിസോ റബാഡയാണ് ദക്ഷിണാഫ്രിക്കയുടെ വജ്രായുധം. നാല് മത്സരങ്ങളില്‍ നിന്നും റബാഡ ഇതുവരെ എട്ട് വിക്കറ്റ് നേടിയിട്ടുണ്ട്. ടോസ് നേടിയാല്‍ ആദ്യം ബാറ്റ് ചെയ്‌ത് വമ്പന്‍ സ്കോര്‍ പടുത്തുയര്‍ത്തുക എന്ന ലക്ഷ്യമായിരിക്കും ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നും ഉണ്ടായിരിക്കുക.
ആദ്യ കളിയില്‍ അഫ്‌ഗാനിസ്ഥാനെ തോല്‍പ്പിച്ചെങ്കിലും പിന്നീടുണ്ടായ കഷ്‌ടകാലത്തില്‍ നട്ടം തിരിയുകയാണ് ബംഗ്ലാദേശ്. തുടരെ മൂന്ന് തോല്‍വി ഏറ്റുവാങ്ങിയ അവര്‍ക്ക് ഇനിയുള്ള ഓരോ മത്സരവും ജീവന്‍മരണ പോരാട്ടങ്ങളാണ്. പ്രധാന താരങ്ങള്‍ എല്ലാം നിറം മങ്ങിയതാണ് ബംഗ്ലാദേശിന്‍റെ തലവേദന.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കാന്‍ പോന്ന കരുത്ത് ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കുണ്ടോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതേസമയം, കഴിഞ്ഞ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാകും അവര്‍ ഇന്ന് ഇറങ്ങുന്നത്. ഇന്ത്യയ്‌ക്കെതിരായ കഴിഞ്ഞ മത്സരം കളിക്കാതിരുന്ന നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ഇന്ന് ബംഗ്ലാദേശ് ടീമിലേക്ക് തിരിച്ചെത്തിയേക്കും.
ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 സ്ക്വാഡ് (Cricket World Cup 2023 South Africa Squad): ക്വിന്‍റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെൻഡ്രിക്‌സ്, ടെംബ ബാവുമ (ക്യാപ്‌റ്റന്‍), റാസി വാന്‍ഡര്‍ ഡസന്‍, എയ്‌ഡന്‍ മാര്‍ക്രം, ഹെൻറിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, ജെറാള്‍ഡ് കോയ്‌റ്റ്‌സീ, ലുങ്കി എൻഗിഡി, കാഗിസോ റബാഡ, തബ്രയിസ് ഷംസി, ലിസാദ് വില്യംസ്, കേശവ് മഹാരാജ്, ആൻഡിലെ ഫെഹ്‌ലുക്‌വായോ.
ബംഗ്ലാദേശ് ഏകദിന ലോകകപ്പ് 2023 സ്‌ക്വാഡ് (Bangladesh Cricket World Cup 2023 Squad): ലിറ്റൺ കുമർ ദാസ്, നജ്‌മുൽ ഹൊസൈൻ ഷാന്‍റോ (വൈസ് ക്യാപ്‌റ്റന്‍), തൻസീദ് ഹസൻ തമീം, ഷാക്കിബ് അൽ ഹസൻ (ക്യാപ്‌റ്റന്‍), മുഷ്‌ഫിഖുർ റഹീം, തൗഹിദ് ഹൃദോയ്, മെഹിദി ഹസൻ, മഹ്‌മുദുള്ള റിയാദ്, ഷാക് മഹിദി ഹസൻ, തസ്‌കിന്‍ അഹ്‌മദ്, മുസ്‌തഫിസുര്‍ റഹ്‌മാന്‍, നാസും അഹമ്മദ്, ഷോരിഫുല്‍ ഇസ്‌ലാം, തന്‍സിം ഹസന്‍ സാകിബ്, ഹസന്‍ മഹ്‌മൂദ്.