ലണ്ടൻ : ക്രിക്കറ്റ് ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് ഇന്ത്യയുടെ ലോകകപ്പ് ടീമിൽ നിന്നും പുറത്തായ ശിഖർ ധവാന് പകരം ഇന്ത്യൻ ടീമിലേക്ക് ആരെന്ന ചോദ്യവും ഉയർന്നു കഴിഞ്ഞു. ധവാന് പകരം ലോകകപ്പില്‍ ആര് എന്നതാണ് ടീമിന്‍റെ ഇപ്പോഴത്തെ പ്രശ്‌നം. എന്നാൽ ധവാന് പകരം ഫോമിലുള്ള കെഎൽ രാഹുൽ ഓപ്പണിംഗിൽ രോഹിത് ശർമ്മക്ക് കൂട്ടായി എത്തും. രാഹുൽ ഓപ്പണിംഗിൽ ഇറങ്ങുമ്പോൾ ലോകകപ്പിന് മുന്നോടിയായി ഏറെ ചർച്ച ചെയ്യപ്പെട്ട നാലാം നമ്പരിലേക്ക് ആരെന്ന ചോദ്യമാണ് വീണ്ടും ഉയരുക. പകരക്കാരനായി ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടുന്നവരില്‍ മുന്നിലുള്ളത് മൂന്ന് താരങ്ങളാണ്.
അമ്പാട്ടി റായുഡു
മത്സര പരിചയവും നാലാം നമ്പർ ബാറ്റ്സ്മാൻ എന്ന നിലയിലും കഴിവുതെളിയിച്ച താരമാണ് മുപ്പത്തിമൂന്നുകാരനായ അമ്പാട്ടി റായുഡു. എന്നാൽ ഐപിഎല്ലിലെ നിറംമങ്ങിയ ഫോമാണ് ലോകകപ്പ് ക്രിക്കറ്റ് ടീമിൽ താരത്തെ തഴയാൻ കാരണം. ഏത് സാഹചര്യത്തിലും സമ്മർദ്ദമില്ലാതെ ബാറ്റ് ചെയ്യാനാകുമെന്നതാണ് റായുഡുവിനെ ടീമിലേക്ക് അടുപ്പിക്കുന്നത്.
റിഷഭ് പന്ത്
സമീപകാലത്തെ ഫോം കണക്കിലെടുക്കുകയാണെങ്കിൽ ഏറ്റവും സാധ്യത കല്പിക്കുന്ന താരമാണ് റിഷഭ് പന്ത്. ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനാണെന്നത് കൊണ്ട് കൂടുതല്‍ മുന്‍തൂക്കം പന്തിനുണ്ട്. ധവാന്‍ പുറത്തേക്ക് പോകുമ്പോൾ ടീമിന്‍റെ മുന്‍ നിരയില്‍ ബാറ്റ് ചെയ്യാന്‍ വേറൊരു ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്മാരില്ല എന്നതും പന്തിന് നറുക്ക് വീഴാൻ കാരണമായേക്കും.
ശ്രേയസ് അയ്യർ
ഐപിഎല്ലിലേയും ആഭ്യന്തര ക്രിക്കറ്റിലേയും തകർപ്പൻ പ്രകടനങ്ങൾ ഡൽഹി ക്യാപിറ്റൽസിന്‍റെ നായകനായ ശ്രേയസ് അയ്യരിനും ലോകകപ്പിലേക്ക് വഴിതെളിക്കുന്നു. ഐപിഎല്ലിൽ മധ്യനിരയിൽ മികച്ച പ്രകടനങ്ങളാണ് താരം പുറത്തെടുത്തത്. രാജ്യാന്തര മത്സരങ്ങളിൽ പരിചയസമ്പത്ത് കുറവാണെങ്കിലും ഫോം കണക്കിലെടുത്താൽ അയ്യരിനും സാധ്യത തെളിയുന്നു.