ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി നടക്കുന്ന സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 95 റണ്‍സിന്‍റെ വിജയം. ലോകേഷ് രാഹുല്‍, മഹേന്ദ്ര സിംഗ് ധോണി എന്നിവര്‍ നേടിയ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയത്. 360 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ബാറ്റേന്തിയ ബംഗ്ലാനിര 49.3 ഓവറില്‍ 264 റണ്‍സിന് മുഴുവന്‍ വിക്കറ്റുകളും നഷ്ടപ്പെടുത്തി കൂടാരം കയറി.
രണ്ടാം സന്നാഹ മത്സരത്തിലും നിറമങ്ങിയ ഓപ്പണർമാരായ രോഹിത് ശർമ്മയും, ശിഖർ ധവാനും ഇന്ത്യൻ ബാറ്റിങിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. രോഹിതും ധവാനും വേഗത്തിൽ പുറത്തായപ്പോൾ നായകൻ വിരാട് കോലിയും കെ എൽ രാഹുലും ചേർന്നാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. പിന്നീട് ഇന്ത്യൻ സ്കോർ 100നോട് അടുക്കമ്പോൾ ഇന്ത്യൻ നായകനും പിന്നാലെ വിജയ് ശങ്കറും പുറത്തായി.
പിന്നീടാണ് ഇന്ത്യൻ ഇന്നിങ്സിലെ മാറ്റങ്ങൾ ഉടലെടുത്തത്. രാഹുലിനൊപ്പം മുൻ നായകൻ ധോണിയും ചേർന്നപ്പോൾ ഇന്ത്യൻ സ്കോറിങിന് വേഗതയേറി. ഇരുവരും ചേർന്ന് 164 റൺസിന്‍റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. ഇതോടെ 40ത് ഓവറിൽ ഇന്ത്യയെ ഇരുവരും ചേർന്ന് 234 റൺസിലെത്തിച്ചു. എന്നാൽ സെഞ്ചുറി നേടി രാഹുൽ (108) ഉടൻ തന്നെ പുറത്തായപ്പോൾ, ധോണിയുടെ ഒറ്റയാൾ പോരാട്ടമായിരുന്നു പിന്നീട് കണ്ടത്. അവസാന അഞ്ച് ഓവറില്‍ 79 റണ്‍സാണ് ധോണിയുടെ മികവിൽ ഇന്ത്യ നേടിയത്. എന്നാൽ അവസാന ഓവറിൽ ഇന്ത്യയെ ഭദ്രമായ സ്കോറിലെത്തിച്ച് ധോണി ഷക്കീബ് അൽ ഹസ്സന്‍റെ മുന്നിൽ ബോൾഡായി മടങ്ങേണ്ടി വന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാല്‍ സൗമ്യ സര്‍ക്കാരിന്‍റെയും ഷാക്കിബ് അല്‍ഹസന്‍റെയും വിക്കറ്റുക്കള്‍ അടുത്തടുത്ത് നഷ്ടപ്പെട്ടത് ബംഗ്ലാദേശിന് തിരിച്ചടിയായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ത്ത ലിന്‍റണ്‍ ദാസ് മുഷ്ഫിക്വര്‍ റഹീം സഖ്യമാണ് ടീമിന് വിജയപ്രതീക്ഷ നല്‍കിയത്. ലിന്‍റണ്‍ ദാസ് 73 റണ്‍സും റഹീം 90 റണ്‍സുമെടുത്ത് ടീമിന്‍റെ നട്ടെല്ലായി. പിന്നാലെ വന്ന ബാറ്റ്സ്മാന്‍മാര്‍ക്ക് ആര്‍ക്കും തന്നെ താളം കണ്ടെത്താന്‍ സാധിച്ചില്ല. ബംഗ്ലനിരയിലെ അഞ്ചോളം ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ഇന്ത്യക്കായി കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹാല്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ നേടി.