നാലു വര്‍ഷം നീണ്ട ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി എട്ട് നാള്‍ കൂടി. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ മെയ് 30ന് ഓവലില്‍ നടക്കുന്ന പോരാട്ടത്തോടെ ലോകകപ്പിന് കൊടികയറും. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് പകരം ഇത്തവണ റൗണ്ട് റോബിൻ മത്സരങ്ങളാകും നടക്കുക.
എന്താണ് റൗണ്ട് റോബിൻ
1992 ലോകകപ്പിനു ശേഷം വീണ്ടും റൗണ്ട് റോബിൻ ഫോർമാറ്റിലേക്ക് മാറുകയാണ്. ലോകകപ്പ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ടൂർണമെന്‍റ് റൗണ്ട് റോബിൻ ഫോർമാറ്റിൽ നടക്കുന്നത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ലോകകപ്പിൽ ഏറ്റുമുട്ടുന്ന പത്ത് ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നു എന്നതാണ് റോബിൻ റൗണ്ട്.
ഗ്രൂപ്പ് ഘട്ടങ്ങളിലേതുപോലെ ആദ്യ മത്സരങ്ങളിലെ തോൽവി ടൂർണമെന്‍റിന്‍റെ വിധി എഴുതില്ല. ഇത്തവണത്തെ ലോകകപ്പിൽ ഒരു ടീം ഒമ്പത് മത്സരം വീതം കളിക്കും. ആദ്യ റൗണ്ടിൽ 45 മത്സരങ്ങളാണുള്ളത്. രണ്ടു സെമിയും ഫൈനലുമടക്കം 48 മത്സരങ്ങളാണ് ഇത്തവണത്തെ ലോകകപ്പിലുള്ളത്. ആകെ ഒമ്പതു മത്സരങ്ങളാണ് റൗണ്ട് റോബിനിലുണ്ടാകുക. ആദ്യത്തെ നാലുടീമുകൾ സെമിയിലെത്തുന്നതുകൊണ്ടുതന്നെ തുടക്കത്തിൽ ഒന്നോ രണ്ടോ മത്സരങ്ങൾ തോറ്റാലും ടീമിന്‍റെ മുന്നോട്ടുള്ള കുതിപ്പിനെ അത് ബാധിക്കില്ല. ടീമുകൾക്ക് ഒരേ പോയിന്‍റാണെങ്കിൽ റൺറേറ്റിന്‍റെ അടിസ്ഥാനത്തിലാകും സെമിയിലേക്ക് ടീമുകൾ യോഗ്യത നേടുക. അതുകൊണ്ടുതന്നെ തോൽക്കുന്ന മത്സരത്തിലെ റൺറേറ്റ് പോലും ടീമുകൾക്ക് നിർണായകമാവും. അതിനാൽ നേരിയ പോയിന്‍റ് വ്യത്യാസത്തിലോ റൺറേറ്റ് വ്യത്യാസത്തിലോ ആയിരിക്കും സെമി പ്രവേശമുണ്ടാവുകയെന്നാണ് പ്രതീക്ഷ.
റോബിൻ റൗണ്ടിന്‍റെ അടിസ്ഥാനത്തിൽ നടന്ന 92 ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഒമ്പത് ടീമുകളായിരുന്നു അന്ന് ലോകകപ്പിൽ കളിച്ചത്. ഇതോടെ ഓരോ ടീമിനും എട്ടു മത്സരങ്ങൾ കളിക്കേണ്ടിവന്നു. എന്നാൽ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്ന് നടന്നത് 1992-ലാണ്. എട്ട് മത്സരം കളിച്ച ഇന്ത്യക്ക് രണ്ടെണ്ണത്തിൽ മാത്രമാണ് ജയിക്കാനായത്. ഇന്ത്യ- ശ്രീലങ്ക മത്സരം മഴ മൂലം ഉപേക്ഷിച്ചതിന് ലഭിച്ച ഒരു പോയിന്‍റടക്കം അഞ്ച് പോയിന്‍റ് മാത്രമായിരുന്നു അസ്ഹറുദ്ദീന്‍റെ കീഴിൽ ടീമിന് നേടാനായത്. ബാക്കി നാലെണ്ണത്തിൽ തോറ്റ ഇന്ത്യ ആറാം സ്ഥാനത്തെത്തി പുറത്താവുകയായിരുന്നു. റൗണ്ട് റോബിനിൽ മുന്നിലെത്തിയ ന്യൂസീലൻഡ് സെമിയിൽ പുറത്തായപ്പോൾ നാലാം സ്ഥാനത്തുണ്ടായിരുന്ന പാകിസ്ഥാൻ കിരീടവുമായാണ് അന്ന് മടങ്ങിയത്.
ഇന്ന് തികച്ചും വ്യത്യസ്തമായ ടീമിനെ അണിയിച്ചൊരുക്കിയാണ് വിരാട് കോലിയുടെ നേതൃത്വത്തിൽ ഇന്ത്യ ഇറങ്ങുന്നത്. എങ്കിലും ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇത്തവണത്തേതെന്ന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിനു മുന്നോടിയായി ഇന്ത്യൻ നായകൻ വ്യക്തമാക്കിയിരുന്നു. ലോകകപ്പിന്‍റെ റൗണ്ട് റോബിൻ ഫോർമാറ്റാണ് ഏറെ വെല്ലുവിളി ഉയർത്തുകയെന്നും കോലി പറഞ്ഞു.