മുംബൈ: ലോകകപ്പ് സെമിയില്‍ ഇന്ത്യ പുറത്തായതിനെതിരെ വിമർശനവുമായി ഇന്ത്യൻ മുൻ ഓൾറൗണ്ടർ യുവ്‌രാജ് സിംഗ്. ടീം മാനേജ്മെന്‍റിനെതിരെയാണ് യുവി രംഗത്തെത്തിയത്. ടീം തെരഞ്ഞെടുപ്പില്‍ മാനേജ്മെന്‍റ് വരുത്തിയ ചില പിഴവുകളാണ് ഇന്ത്യക്ക് തിരിച്ചടിയായത് എന്ന് യുവി ആരോപിച്ചു.
പോയിന്‍റ് പട്ടികയില്‍ ഒന്നാമതായി ഫിനിഷ് ചെയ്താണ് ഇന്ത്യ സെമിഫൈനലില്‍ കടന്നത്. എന്നാല്‍ സെമിയില്‍ ന്യൂസിലൻഡിനോട് 18 റൺസിന് തോറ്റ് പുറത്താവുകയായിരുന്നു. ബാറ്റിങ് നിരയിലെ നിർണായകമായ നാലാം സ്ഥാനത്ത് മികച്ച ഒരു താരത്തെ മാനേജ്മെന്‍റിനും സെലക്‌ടർമാർക്കും കണ്ടെത്താൻ കഴിയാത്തതാണ് ഇന്ത്യക്ക് വിനയായത് എന്നാണ് യുവിയുടെ കണ്ടെത്തല്‍. റിഷഭ് പന്ത്, വിജയ് ശങ്കർ എന്നിവരെ പരീക്ഷിച്ചെങ്കിലും മികച്ച ഇന്നിങ്സ് കാഴ്ചവയ്ക്കാൻ ഇരുവർക്കും കഴിഞ്ഞില്ല.
ഇന്ത്യൻ മധ്യനിരയില്‍ കളിച്ചുകൊണ്ടിരുന്ന അമ്പാട്ടി റായുഡുവിനോട് ടീം മാനേജ്മെന്‍റ് ചെയ്തത് ശരിയായില്ലെന്നും യുവി അഭിപ്രായപ്പെട്ടു. ന്യൂസിലൻഡ് പര്യടനത്തില്‍ റായുഡു തിളങ്ങിയിട്ടും മൂന്നോ നാലോ ഇന്നിങ്സുകളിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ അദ്ദേഹത്തെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നും യുവി വ്യക്തമാക്കി. നേരത്തെ അമ്പാട്ടി റായുഡുവിന്‍റെ വിരമിക്കലുമായി ബന്ധപ്പെട്ട് യുവ്‌രാജിന്‍റെ പിതാവ് യോഗ്രാജ് സിംഗ് ധോണിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു.