ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിക്കെതിരെ ആഞ്ഞടിച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്കർ. വിരാട് കോഹ്‌ലിയെ ഇന്ത്യൻ നായകനായി നിലനിർത്തിയതാണ് ഗവാസ്കറിനെ ചൊടിപ്പിച്ചത്. കോഹ്‌ലിയുടെ തന്നിഷ്‌ടത്തിന് സെലക്‌ടർമാർ കൂട്ടുനില്‍ക്കുകയാണെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കുറ്റപ്പെടുത്തി.
ലോകകപ്പില്‍ തോല്‍വി നേരിട്ടിട്ടും കോഹ്‌ലിയെ നായകപദവിയില്‍ നിന്നും നീക്കണോയെന്ന ആലോചന പോലുമുണ്ടായില്ല. ലോകകപ്പിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ ദിനേശ് കാർത്തിക്കിനെ ഒഴിവാക്കിയെങ്കില്‍ കോഹ്‌ലിക്ക് എങ്ങനെ നായകനായി തുടരാൻ കഴിയുന്നു എന്ന ചോദ്യവും ഗവാസ്കർ ഉന്നയിച്ചു. കോഹ്‌ലി സ്ഥാനത്ത് തുടരുന്നത് അദ്ദേഹത്തിന്‍റെ സന്തോഷത്തിനാണോ അതോ കമ്മിറ്റിയുടെ സന്തോഷത്തിനാണോ എന്നും ഗവാസ്കര്‍ ആരാഞ്ഞു.
രോഹിത് ശർമയും കോഹ്‌ലിയും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് സുനില്‍ ഗവാസ്കറിന്‍റെ അഭിപ്രായ പ്രകടനം. രോഹിത് നിശ്ചിത ഓവർ ക്രിക്കറ്റിലും കോഹ്‌ലി ടെസ്റ്റിലും നായകനാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിൻഡീസ് പര്യടനത്തിനുള്ള ടീമില്‍ കോഹ്‌ലിയെ തന്നെ എം എസ് കെ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി മൂന്ന് ഫോർമാറ്റിലും നായകനായി തീരുമാനിക്കുകയായിരുന്നു.