ഹെെദരാബാദ്: ക്യാപ്റ്റന്‍ വിരാട് കോലിയുടെ കീഴില്‍ ഇംഗ്ലണ്ടിനെതിരായ സമ്പൂര്‍ണ വിജയത്തിന്‍റെ തിളക്കത്തിലാണ് ടീം ഇന്ത്യ. എന്നാല്‍ ഇതോടൊപ്പം ചര്‍ച്ചയാവുന്ന മറ്റൊരു കാര്യമാണ് ക്യാപ്റ്റന്‍ കോലിയുടെ ടോസ് ഭാഗ്യം. ടോസിന്‍റെ കാര്യത്തില്‍ കോലി നിര്‍ഭാഗ്യവാനാണെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ഇംഗ്ലണ്ടിനെതിരെ മൂന്ന് ഫോര്‍മാറ്റുകളിലുമായി ആകെ നടന്ന 12 മത്സരങ്ങളില്‍ വെറും രണ്ട് തവണയാണ് ടോസ് ഭാഗ്യം ഇന്ത്യന്‍ ക്യാപ്റ്റനോടൊപ്പം നിന്നത്. ടെസ്റ്റ്, ടി20 പരമ്പരകളിലെ ഓരോ മത്സരങ്ങളിലാണ് കോലിക്ക് ടോസ് ലഭിച്ചത്. എന്നാല്‍ മൂന്ന് ഏകദിന മത്സരങ്ങളിലും ടോസ് ഭാഗ്യം കോലിക്കൊപ്പം നിന്നില്ല.
കോലി നയിച്ച എല്ലാ ഫോര്‍മാറ്റിലുമായുള്ള ആകെ 200 മത്സരങ്ങളില്‍ വെറും 85 തവണയാണ് ടോസ് ഭാഗ്യം താരത്തിന് ലഭിച്ചത്. ബാക്കി 115 തവണ ടോസ് എതിര്‍ ടീമിനൊപ്പം നിന്നു. 60 ടെസ്റ്റ് മത്സരങ്ങളില്‍ 27 തവണ കോലി ടോസ് വിജയിച്ചപ്പോള്‍ 33 തവണ എതിര്‍ ടീം നേടി. 95 ഏകദിന മത്സരങ്ങളില്‍ 40 തവണയാണ് ടോസ് കോലിക്കൊപ്പം നിന്നത്. 55 തവണ എതിര്‍ ടീം നേടി. 45 ടി20 മത്സരങ്ങളില്‍ 18 തവണ ടോസ് ഭാഗ്യം തുണച്ചപ്പോള്‍ 27 തവണ ടോസ് നഷ്ടമാവുകയും ചെയ്തു.
നിലവില്‍ 20 മത്സരങ്ങളില്‍ കൂടുതല്‍ ടീമിനെ നയിച്ച ക്യാപ്റ്റന്മാരില്‍ ടോസ് നേടുന്ന കാര്യത്തില്‍ ഏറ്റവും പുറകില്‍ കോലി തന്നെയാണ്. വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡാണ് ഒന്നാം സ്ഥാനത്ത് (34 മത്സരങ്ങള്‍ 18 ടോസ് വിജയം). ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍ രണ്ടാം സ്ഥാനത്തുണ്ട്. അതേസമയം ലോക ക്രിക്കറ്റില്‍ 100 മത്സരങ്ങളില്‍ കൂടുതല്‍ ടീമിനെ നയിച്ച 44 ക്യാപ്റ്റന്മാരുടെ കണക്ക് പരിശോധിച്ചാലും ടോസ് ജയിക്കുന്ന അനുപാതത്തില്‍ കോലി താഴെയാണ്.