കൊല്‍ക്കൊത്ത; 2018ലെ ഐപിഎല്‍ താരലേലത്തില്‍ പെട്ടി നിറയെ പണവുമായി മടങ്ങിയ താരത്തിന്‍റെ പേര് വരുൺ ചക്രവർത്തിയെന്നാണ്. ഒരു വർഷം മുൻപ് നടന്ന ലേലത്തിനു ശേഷം ആരാണ് വരുൺ ചക്രവർത്തിയെന്നാണ് ക്രിക്കറ്റ് ലോകം അന്വേഷിച്ചത്. വ്യത്യസ്തതയും ദുരൂഹതയും നിറച്ച് പന്തെറിയുന്ന വരുണിനെ എട്ടു കോടി 40 ലക്ഷത്തിനാണ് അന്ന് കിംഗ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയത്. ഇതുവരെ ഇന്ത്യൻ ദേശീയ ടീമിന്‍റെ ജേഴ്സിയണിയാത്ത തമിഴ്നാട് താരത്തിന്‍റെ ബൗളിങിനായി എതിർ ടീമുകളും കാത്തിരുന്നു. എന്നാല്‍ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവുമധികം റൺസ് വിട്ടുകൊടുത്ത താരമാകാനായിരുന്നു വരുണിന്‍റെ വിധി. പിന്നീട് പരിക്കുകൾ പിന്നാലെയെത്തിയതോടെ വരുണിന് അവസരങ്ങൾ നഷ്ടമായി.
പിന്നീട് ഇതുവരെ ഔദ്യോഗിക മത്സരങ്ങൾ കളിക്കാതിരുന്ന വരുൺ ഇത്തവണത്തെ താരലേലത്തിലും താരമായി. നാല് കോടി മുടക്കി വരുൺ ചക്രവർത്തിയെ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. ഏഴ് വ്യത്യസ്ത രീതികളില്‍ പന്തെറിയുന്ന വരുൺ, തമിഴ്നാട് പ്രീമിയർ ലീഗിലെ മികച്ച പ്രകടനം കൊണ്ടാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ആ കഴിവില്‍ കൊല്‍ക്കൊത്ത ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്ന് കരുതാം. ഇത്തവണ കൂടുതല്‍ അവസരങ്ങൾ ലഭിക്കുമെന്നും അപ്പോൾ തന്‍റെ മാന്ത്രിക സ്പിൻ ബൗളിങ് ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാമെന്നും വരുൺ കരുതുന്നു. സുനില്‍ നരെയ്ൻ, കുല്‍ദീപ് യാദവ് എന്നിവർ അടങ്ങുന്ന കൊല്‍ക്കൊത്ത ടീമിന്‍റെ സ്പിൻ നിരയില്‍ വരുണിന് എത്ര അവസരങ്ങൾ ലഭിക്കുമെന്ന് കാത്തിരുന്ന് കാണാം.