കൊല്‍ക്കത്ത: ഐപിഎല്ലില്‍ മലയാളി താരം സന്ദീപ് വാര്യർക്ക് മികച്ച തുടക്കം. ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് സന്ദീപ് അരങ്ങേറിയത്. മത്സരത്തില്‍ വിക്കറ്റൊന്നും വീഴ്ത്തിയില്ലെങ്കിലും നാല് ഓവർ എറിഞ്ഞ താരം 29 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.
മുംബൈക്കെതിരെ ബൗളിംഗ് ഓപ്പൺ ചെയ്ചത സന്ദീപ് പതിനൊന്ന് ഡോട്ട്ബോളുകളാണ് എറിഞ്ഞത്. ക്വിന്‍റൺ ഡി കോക്ക്, രോഹിത് ശർമ്മ, എവിൻ ലൂയിസ്, സൂര്യകുമാർ യാദവ് എന്നിവർക്കെതിരെയാണ് സന്ദീപ് പന്തെറിഞ്ഞത്. 144 കിലോമീറ്റർ വേഗത്തില്‍ വരെ പന്തെറിയാൻ സന്ദീപിന് കഴിഞ്ഞു. സീസണിന്‍റെ തുടക്കത്തില്‍ തന്നെ ടീമിലെത്തിയ സന്ദീപ് വാര്യർ യുവതാരം പ്രസീദ് കൃഷ്ണയ്ക്ക് പകരമായാണ് അന്തിമ ഇലവനിലെത്തിയത്.
സന്ദീപിന്‍റെ അരങ്ങേറ്റത്തോടെ ഐപിഎല്‍ കളിക്കുന്ന മലയാളി താരങ്ങളുടെ എണ്ണം എട്ടായി. സഞ്ജു സാംസൺ, സച്ചിൻ ബേബി, റെയ്ഫി വിൻസന്‍റ് ഗോമസ്, വിഷ്ണു വിനോദ്, ബേസില്‍ തമ്പി, എസ് മിഥുൻ, കെഎം ആസിഫ് എന്നിവരാണ് നേരത്തെ ഐപിഎല്ലില്‍ കളിച്ചിട്ടുള്ള കേരള താരങ്ങൾ. ബേസില്‍ തമ്പിയെ സൺറൈസേഴ്സ് സ്വന്തമാക്കിയെങ്കിലും ഈ സീസണില്‍ ഒറ്റ മത്സരത്തില്‍ പോലും പന്തെറിയാൻ ബേസിലിന് അവസരം ലഭിച്ചില്ല.