ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പെടെ അഞ്ച് താരങ്ങൾക്ക് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരത്തിന് ശുപാർശ. രോഹിതിന് പുറമെ ഗുസ്‌തി താരം വിനേഷ് ഫോഗട്ട്, ടേബില്‍ ടെന്നീസ് താരം മണിക ബത്ര, ഇന്ത്യൻ വനിത ഹോക്കി നായിക റാണി റാംപാല്‍, 2016 റിയോ പാരാലിമ്പിക്‌സ് സ്വർണ ജേതാവ് മാരിയപ്പൻ തങ്കവേലു എന്നിവരെയാണ് ദേശീയ പുരസ്‌കാര നിർണയ സമിതി ശുപാർശ ചെയ്‌തത്.
2019 ക്രിക്കറ്റ് ലോകകപ്പില്‍ 648 റൺസ് നേടി മികച്ച പ്രകടനമാണ് രോഹിത് ശർമ കാഴ്‌ചവച്ചത്. ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പില്‍ വെങ്കലം നേടിയ വിനേഷ് ഫോഗട്ട് ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയിരുന്നു. കൊവിഡ് മൂലം അടുത്ത വർഷത്തേക്ക് മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ പ്രതീക്ഷ അർപ്പിക്കുന്ന താരമാണ് വിനേഷ്.
ടേബിൾ ടെന്നീസ് താരം മണിക 2018 ഗോൾഡ് കോസ്റ്റ് കോമൺവെല്‍ത്ത് ഗെയിംസില്‍ ഇരട്ട സ്വർണം നേടിയിരുന്നു. 2018 ഏഷ്യൻ ഗെയിംസില്‍ വെങ്കല മെഡലും മണിക ബത്ര സ്വന്തമാക്കിയിരുന്നു. ജനുവരിയിൽ നടന്ന ടോക്കിയോ 2020 യോഗ്യത മത്സരത്തില്‍ തോറ്റതിനാല്‍ മണിക ബത്രയ്‌ക്ക് ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടാനായിട്ടില്ല.
ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ മാരിയപ്പൻ തങ്കവേലു അടുത്ത വർഷത്തെ പാരാലിമ്പിക്‌സിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. റാണി റാംപാലിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിത ഹോക്കി ടീം ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയിരുന്നു.