ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ഫിറ്റ്നസ് വീണ്ടെടുക്കാനായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം ആരംഭിച്ചു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിന്‍റെ ഭാഗമാകുന്നതിന് വേണ്ടിയാണ് പരിശീലനം. നേരത്തെ ഐപിഎല്‍ മത്സരത്തിനിടെയാണ് രോഹിതിന് പരിക്കേറ്റത്. യുഎഇയില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയുള്ള മത്സരത്തിന് ശേഷം രോഹിത് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ദീപവാലിക്ക് ശേഷം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പ്രവേശിച്ച് രോഹിത് ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഐപിഎല്ലിനിടെ പരിക്കേറ്റ ശേഷവും രോഹിത് മുംബൈക്ക് വേണ്ടി കളിച്ചത് വിവാദമായിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. അച്ഛനാകാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി വിരാട് കോലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങും. തുടര്‍ന്നുള്ള ടെസ്റ്റുകളില്‍ രോഹിത് ഇന്ത്യന്‍ ടീമനെ നയിച്ചേക്കും.
രോഹിത് ശര്‍മയെ കൂടാതെ പേസര്‍ ഇശാന്ത് ശര്‍മയും എന്‍സിഎയിലെ റീഹാബില്‍ തുടരുകയാണ്. ചീഫ് സെലക്ടർ സുനിൽ ജോഷി, എൻസിഎ മേധാവി രാഹുൽ ദ്രാവിഡ് എന്നിവരുടെ മേൽനോട്ടത്തിലാണ് ഇരുവരും ഫിറ്റ്നസ് വീണ്ടെടുക്കുന്നത്. ഫിറ്റ്നസ് വീണ്ടെടുത്താലും ഓസ്‌ട്രേലിയയില്‍ എത്തുന്ന ഇരുവരും 14 ദിവസം ക്വാറന്‍റൈനില്‍ കഴിയേണ്ടി വരും.