മുംബൈ: ഇന്ത്യയുടെ അഭിമാനമായിരുന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് ഏറെ കാലത്തിന് ശേഷം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വീണ്ടും ആവർത്തിച്ചപ്പോൾ വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്സിന് എതിരെ ഇന്ത്യന്‍ ലെജന്‍ഡ്‌സ് 10 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്‌സ് ഉയർത്തിയ 151റണ്‍സെന്ന വിജയ ലക്ഷ്യം ഇന്ത്യന്‍ ലെജന്‍ഡ്‌സ് ഏഴ് വിക്കറ്റ് ജയം. ക്രിക്കറ്റ് ഇതിഹാസം സച്ചന്‍ ടെന്‍ഡുല്‍ക്കറും മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണർ വീരേന്ദർ സേവാഗും ചേർന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് കാണികൾക്ക് വിരുന്നൊരുക്കി. വീരേന്ദർ സേവാഗ് 57 പന്തില്‍ നിന്നും 74 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോൾ സച്ചിന്‍ ടെന്‍ഡുല്‍ക്കർ 29 പന്തില്‍ നിന്നും 36 റണ്‍സെടുത്ത് പുറത്തായി. ബെന്നിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പർ ജേക്കബ്‌സിന് ക്യാച്ച് വഴങ്ങിയാണ് ടെന്‍ഡുല്‍ക്കർ മടങ്ങിയത്. സച്ചിന്‍ ഏഴ് ഫോറുകളും സേവാഗ് 11 ഫോറുകളും അടിച്ചുകൂട്ടി. കോളിന്‍സിന്‍റെ ആദ്യ ഓവറില്‍ തുടർച്ചയായി രണ്ട് പന്തില്‍ ഫോറടിച്ചാണ് സേവാഗ് ഇന്ത്യന്‍ ഇന്നിങ്സിന് തുടക്കം കുറിച്ചത്. നിറഞ്ഞ ഗാലറിയെ ഗാലറിയെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ഇരവരും ചേർന്ന് പുറത്തെടുത്തത്.
സച്ചിന് പിന്നാലെ മൂന്നാമതായി ഇറങ്ങിയ മുഹമ്മദ് കെയ്‌ഫ് 16 പന്തില്‍ 14 റണ്‍സെടുത്തും മന്‍പ്രീത് ഗോണി ഗോൾഡന്‍ ഡക്കായും പുറത്തായി. ഏഴ് പന്തില്‍ 10 റണ്‍സെടുത്ത യുവരാജ് സിങ് പുറത്താകാതെ നിന്നു. ഇന്ത്യന്‍ നിരയില്‍ സിക്‌സർ നേടിയ ഏക കളിക്കാരന്‍ യുവി മാത്രമായിരുന്നു. വിന്‍ഡീസിന് വേണ്ടി ബെന്‍ ഒരു വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ഹൂപ്പർ രണ്ട് വിക്കറ്റ് നേടി.
നേരത്തേ ടോസ് നേടിയ സച്ചിന്‍റെ ടീം വിന്‍ഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 41 പന്തില്‍ 61 റണ്‍സെടുത്ത ചന്ദർ പോളിന്‍റെയും 24 പന്തില്‍ 32 റണ്‍സെടുത്ത ഡാരന്‍ ഗംഗയുടെയും മികവിലാണ് വിന്‍ഡീസ് ലെജന്‍ഡ്‌സ് ഭേദപ്പെട്ട സ്‌കോർ സ്വന്തമാക്കിയത്. ഇരുവരും ചേർന്ന് 40 റണ്‍സിന്‍റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. പിന്നാലെ മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ ബ്രയാന്‍ ലാറക്ക് 15 പന്തില്‍ നിന്നും 17 റണ്‍സ് മാത്രമെ സ്വന്തമാക്കാനായുള്ളൂ. ഇന്ത്യക്ക് വേണ്ടി സഹീർഖാന്‍, മുനാഫ് പട്ടേല്‍, പ്രാഗ്യാന്‍ ഓജ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ഇർഫാന്‍ പത്താന്‍ ഒരു വിക്കറ്റ് വീഴ്‌ത്തി. സീരീസില്‍ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കന്‍ ലെജന്‍ഡ്‌സ് ഓസ്‌ട്രേലിയന്‍ ലെജന്‍ഡ്‌സിനെ നേരിടും.