ന്യൂഡല്‍ഹി: നിയന്ത്രണങ്ങൾ കൊണ്ട് മാത്രം കായിക രംഗത്തെ വംശീയത ഇല്ലാതാകില്ലെന്ന് മുന്‍ വെസ്റ്റ് ഇന്‍ഡീസ് പേസർ മൈക്കല്‍ ഹോൾഡിങ്. ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വംശീയതക്ക് എതിരെ സമൂഹം നിലകൊള്ളാന്‍ തുടങ്ങിയാലേ കായിക രംഗത്തും മാറ്റമുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. യുഎസില്‍ ജോർജ് ഫ്ലോയിഡിന്‍റെ മരണത്തെ തുടർന്ന് വംശീയതക്ക് എതിരെ ആഗോള തലത്തില്‍ പ്രതിഷേധം അലയടിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഹോൾഡിങ്ങിന്‍റെ പ്രതികരണം.
വംശീയതക്ക് എതിരെ കായിക രംഗത്ത് കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ വൃണത്തിന് മുകളില്‍ പ്ലാസ്റ്റർ ഒട്ടിക്കുന്ന ഫലമേ ചെയ്യൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുറിവുണങ്ങാന്‍ പ്ലാസ്റ്റർ ഒട്ടിച്ചാല്‍ മതിയാകില്ലെന്നാണ് അദ്ദേഹം നല്‍കുന്ന സൂചന. വംശീയത ശരിയല്ലെന്ന തിരിച്ചറിവ് സമൂഹത്തില്‍ നിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
1975-87 കാലഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി കളിച്ച മൈക്കല്‍ ഹോൾഡിങ് 60 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 249 വിക്കറ്റുകളും 102 ഏകദിനങ്ങളില്‍ നിന്നായി 142 വിക്കറ്റുകളും സ്വന്തമാക്കി. വിന്‍ഡീസ് താരങ്ങളായ ഡാരന്‍ സമ്മിയും ക്രിസ് ഗെയിലും വംശീയതക്ക് ഇരയായതായി വെളിപ്പെടുത്തിയിരുന്നു. ഫുട്‌ബോളും ക്രിക്കറ്റും ഉൾപ്പെടെ ആഗോള തലത്തില്‍ ജനകീയമായ കായിക മേഖലയിലെല്ലാം താരങ്ങൾ പലപ്പോഴും വംശീയാധിക്ഷേപത്തിന് ഇരായാകാറുണ്ട്. ഇതേ തുടർന്ന് ക്ലബുകളും താരങ്ങളും പലപ്പോഴും നടപടി നേരിടേണ്ടി വരാറുമുണ്ട്.