ലാഹോര്‍: ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കൊവിഡ് മുക്തനാകുമെന്നാണ് പ്രതീക്ഷയെന്നും മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദി. തന്‍റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് ബാധിതനായ ശേഷം ആദ്യത്തെ രണ്ട് മൂന്ന് ദിവസങ്ങള്‍ തള്ളിനീക്കാന്‍ പ്രയാസപ്പെട്ടെങ്കിലും ഇപ്പോള്‍ ആശ്വാസമുണ്ടെന്നും അദ്ദേഹം സാമൂഹ്യ മാധ്യമം വഴി പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇക്കാര്യം അഫ്രീദി സാമൂഹ്യമാധ്യമം വഴി വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
കുട്ടികളെ കെട്ടിപ്പിടിക്കനോ അവരെ പരിചരിക്കാനൊ സാധിക്കാത്തതാണ് ഇപ്പോഴത്തെ പ്രായസമെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു. അതേസമയം രോഗവ്യാപനം തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. കാരുണ്യ പ്രവര്‍ത്തികള്‍ക്കായി ഇതിനകം ധാരാളം സഞ്ചരിച്ചു. കൊവിഡ് 19 പിടിപെടാന്‍ വൈകിയത് കാരണം നിരവധി പേരെ സഹായിക്കാനായി. ഇതിന് താന്‍ ദൈവത്തോട് നന്ദി പറയുന്നുവെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.