ന്യൂഡല്‍ഹി: കങ്കാരുക്കളെ അവരുടെ നാട്ടില്‍ കശാപ്പ് ചെയ്യുമ്പോഴും ഇന്ത്യന്‍ നായകന്‍ അജിങ്ക്യാ രഹാനെ അക്ഷോഭ്യനും സൗമ്യനുമായിരുന്നു. നാല് ടെസ്റ്റുകളുള്ള പരമ്പര സ്വന്തമാക്കി നാട്ടില്‍ തിരിച്ചെത്തിയപ്പോഴും രഹാനെക്ക് ഭാവഭേദമില്ല. എതിരാളികളെ നേരിടുന്നത് കളിക്കളത്തില്‍ മാത്രമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രഹാനെ.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കി തിരിച്ചെത്തിയപ്പോള്‍ അയല്‍വാസികള്‍ നല്‍കിയ സ്വീകരണത്തില്‍ കങ്കാരുവിന്‍റെ രൂപത്തിലുള്ള കേക്ക് മുറിക്കാന്‍ രഹാനെ തയ്യാറായില്ല. ഇപ്പോഴിതാ അതിനുള്ള കാരണവും രഹാനെ പറഞ്ഞു. ഓസ്ട്രേലിയയുടെ ദേശീയ മൃഗമാണ് കങ്കാരു. കേക്ക് മുറിക്കുന്നതിൽ താൽപര്യമില്ല. എതിരാളികളെ മാനിക്കണം. നമ്മൾ ജയിച്ചാലോ, ചരിത്രം സൃഷ്ടിച്ചാലോ എതിരാളികളോടുള്ള പെരുമാറ്റത്തില്‍ മാറ്റംവരാന്‍ പാടില്ല. മറ്റു രാജ്യങ്ങളിൽനിന്നുള്ളവരെയും എതിരാളികളെയും ബഹുമാനിക്കണം അതുകൊണ്ടാണ് കങ്കാരുവിന്‍റെ രൂപമുള്ള കേക്ക് മുറിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരെ സ്വന്തമാക്കിയ ഐതിഹാസിക ജയത്തിന് പിന്നാലെ സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനെ നേരിടാനുള്ള ഒരുക്കത്തിലാണ് രഹാനെ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ജോ റൂട്ടിനും കൂട്ടര്‍ക്കുമെതിരെ ഇന്ത്യ കളിക്കുക. ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ചെന്നൈയില്‍ നടക്കും. അവധി കഴിഞ്ഞ തിരിച്ചെത്തിയ വിരാട് കോലിയാണ് ഇത്തവണ രഹാനെക്ക് പകരം ഇന്ത്യന്‍ ടീമിനെ നയിക്കുക.