ന്യൂഡൽഹി: ഇന്ത്യയുടെ 2014 ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ തനിക്ക് വിഷാദ രോഗം ബാധിച്ചിരുന്ന കാര്യം തുറന്ന് പറഞ്ഞ് ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട് കോഹ്ലി. മുൻ ഇംഗ്ലണ്ട് താരം പോൾ നിക്കോളാസുമായുള്ള അഭിമുഖത്തിലാണ് ഇന്ത്യൻ ക്യാപ്റ്റന്‍റെ വെളിപ്പെടുത്തൽ. ഈ ലോകത്തിലെ ഏറ്റവും ഏകാന്തനായ മനുഷ്യൻ താനാണെന്ന് തോന്നി. എന്ത് ചെയ്യണമെന്നറിയാതെ രാവിലെ എണീക്കേണ്ടി വരുന്നത് വല്ലാത്തൊരു അവസ്ഥയാണ്. ആ അവസ്ഥ എങ്ങനെ മറികടക്കണമെന്ന് അറിയില്ലായിരുന്നു. അക്ഷരാർത്ഥത്തിൽ എനിക്ക് അന്ന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒരുപാടാളുകളുണ്ടായിട്ടും താൻ അന്ന് ഒറ്റയ്‌ക്കാണെന്ന് തോന്നി, കോഹ്‌ലി പറഞ്ഞു.
2014ലെ പര്യടനത്തിൽ അഞ്ച് ടെസ്റ്റുകളിൽ നിന്നായി 1, 8, 25, 0, 39, 28, 0,7, 6, 20 എന്നിങ്ങനെയായിരുന്നു കോഹ്‌ലിയുടെ സ്കോർ. സച്ചിന്‍റെ വാക്കുകളാണ് തന്നെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നും കോഹ്‌ലി പറഞ്ഞു. കോഹ്‌ലി വ്യക്തി ജീവിതത്തിൽ നേരിട്ട പ്രശ്‌നങ്ങൾ തുറന്ന് പറഞ്ഞതിലും വിഷാദത്തെ അതിജീവിച്ചതിലും അഭിമാനമുണ്ടെന്ന് സച്ചിൻ ടെൻഡുൽക്കർ ട്വിറ്ററിൽ കുറിച്ചു. നിരന്തരം ഇടപെടുന്ന യുവാക്കളോട് നമ്മൾ സംസാരിക്കണമെന്നും പ്രശ്‌നങ്ങൾ നേരിടുന്നവരെ സഹായിക്കണമെന്നും സച്ചിൻ ട്വീറ്റിലൂടെ അവശ്യപ്പെട്ടു.