വെല്ലിങ്ടൺ; ന്യൂസിലൻഡില്‍ ഇതുവരെ ടി-20 പരമ്പര ജയിക്കാതിരുന്ന ടീം ഇന്ത്യ ഇപ്പോൾ ആത്മവിശ്വാസത്തിന്‍റെ നെറുകയിലാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരവും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ഇന്ന് വെല്ലിങ്ടണില്‍ ന്യൂസിലൻഡിനെ നേരിടുമ്പോൾ ഇന്ത്യ ലക്ഷ്യമിടുന്നത് സമ്പൂർണ പരമ്പര ജയമെന്ന സ്വപ്നമാണ്, നാലാം ടി-20 ജയിച്ച് മുന്നേറാമെന്ന പ്രതീക്ഷയിലാണ് കോലിയും സംഘവും. ബാറ്റ്സ്മാൻരെല്ലാം മികച്ച ഫോമിലാണ് എന്നതാണ് ടീം ഇന്ത്യയുടെ പ്രത്യേകത.
ആദ്യ രണ്ട് മത്സരങ്ങളില്‍ നിറം മങ്ങിയ രോഹിത് ശർമ മൂന്നാം മത്സരത്തില്‍ അതിശക്തമായി തിരിച്ചുവരികയും ഹിറ്റ്മാന്‍റെ ഹിറ്റിങ് മികവില്‍ ഇന്ത്യ ജയിക്കുകയും ചെയ്തിരുന്നു. ലോകേഷ് രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ എന്നിവരും ഫോമിലാണ്. ഓൾറൗണ്ടർ രവീന്ദ്ര ജഡജേ ബൗളിങില്‍ മികവു പുലർത്തുന്നതോടൊപ്പം ലോവർ ഓർഡറില്‍ സ്കോർ ചെയ്യുകയും ചെയ്യുന്നുണ്ട്.
ബൗളർമാരില്‍ ജസ്പ്രീത് ബുംറ കഴിഞ്ഞ മത്സരത്തില്‍ അധിക റൺസ് വിട്ടുകൊടുത്തത് നായകൻ കോലിയെ അസ്വസ്ഥനാക്കുന്നുണ്ട്. എന്നാല്‍ മുഹമ്മദ് ഷമി, ചാഹല്‍ എന്നിവർ മികവു പുലർത്തുന്നത് ബൗളിങ് ഡിപ്പാർട്ട് മെന്‍റിന് ആശ്വാസമാണ്. പരമ്പര സ്വന്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യൻ നിരയില്‍ പരീക്ഷണത്തിനുള്ള അവസരമുണ്ട്.
റിസർവ് ബെഞ്ചിലെ താരങ്ങളായ സഞ്ജു സാംസൺ, റിഷഭ് പന്ത് എന്നിവരില്‍ ഒരാൾക്ക് ബാറ്റിങ് നിരയില്‍ അവസരം ലഭിച്ചേക്കും. ബൗളർമാരില്‍ നവദീപ് സെയ്‌നി, വാഷിങ്ടൺ സുന്ദർ എന്നിവരില്‍ ഒരാളെ പരിഗണിക്കുന്ന കാര്യവും ടീം മാനേജ്മെന്‍റ് ആലോചിക്കുന്നുണ്ട്. അതേസമയം, ന്യൂസിലൻഡ് നിരയില്‍ ആദ്യമൂന്ന് മത്സരങ്ങളും തോറ്റതിന്‍റെ ക്ഷീണം നിലനില്‍ക്കുന്നുണ്ട്. ബാറ്റിങ് നിരയില്‍ മാർട്ടിൻ ഗപ്ടില്‍, കോളിൻ മൺറോ എന്നിവർക്ക് നല്ല തുടക്കം ലഭിക്കുന്നുണ്ടെങ്കിലും അത് മുതലാക്കാനാകുന്നില്ല. നായകൻ കെയ്ൻ വില്യംസൺ മാത്രമാണ് മികച്ച ഫോമിലുള്ളത്. ഫോം നഷ്ടമായ കോളിൻ ഡി ഗ്രാൻഡ്ഹോമിന് പകരം ടോം ബ്രൂസ് ടീമിലെത്താൻ സാധ്യതയുണ്ട്.