ന്യൂഡൽഹി: യോ- യോ ടെസ്റ്റ് പാസാകുന്നതിനേക്കാള്‍ പ്രധാന്യം കളിക്കാരുടെ കഴിവിനുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദർ സെവാഗ്. തങ്ങളുടെ സമയത്ത് യോ-യോ ടെസ്റ്റ് ഉണ്ടായിരുന്നെങ്കിൽ സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നീ താരങ്ങള്‍ അതിൽ ഒരിക്കലും ജയിക്കില്ലായിരുന്നുവെന്നും സെവാഗ് പറഞ്ഞു.
''എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്. നമ്മൾ ഇവിടെ യോ-യോ ടെസ്റ്റിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഓടുന്നതിൽ ഹർദിക് പാണ്ഡ്യക്ക് പ്രശ്‌നമില്ല. എന്നാല്‍ ബൗള്‍ ചെയ്യുന്നതിനാല്‍ വർക്ക് ലോഡ് പ്രശ്‌നമുണ്ട്, കാരണം മറുവശത്ത് അശ്വിനും, വരുൺ ചക്രവർത്തിയും യോ-യോ ടെസ്റ്റ് പാസായില്ല. അതുകൊണ്ടാണ് അവർ ടീമിലില്ലാത്തത്'' സെവാഗ് പറഞ്ഞു.
''ഞാൻ ഇതിനോട് യോജിക്കുന്നില്ല. കാരണം, ഞങ്ങളുടെ സമയത്ത് ഈ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നെങ്കില്‍ സച്ചിൻ, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മൺ എന്നിവരൊന്നും അതിൽ വിജയിക്കില്ല. അവർ ബീപ്പ് ടെസ്റ്റ് പാസാവുന്നത് ഞാൻ കണ്ടിട്ടില്ല. 12.5 എന്ന മാർക്കിലേക്ക് അവർക്ക് എത്താനായിട്ടില്ല'' സെവാഗ് പറഞ്ഞു.
''കഴിവാണ് പ്രധാനം. കഴിവില്ലാതെ, ഫിറ്റ്‌നസ് ഉള്ളവരെ മാത്രം ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ അത് നിങ്ങളെ തോല്‍വിയിലേക്ക് നയിക്കും. കളിക്കാരുടെ കഴിവ് നോക്കി കളിപ്പിക്കുക. പിന്നീട് പതിയെ അവരുടെ ഫിറ്റ്‌നസ് മെച്ചപ്പെടുത്താനും നിങ്ങൾ സഹായിക്കുക. അതല്ലാതെ യോ യോ ടെസ്റ്റ് മാനദണ്ഡമാക്കരുത്. ഫീൽഡ് ചെയ്യാനും, 10 ഓവർ ബൗൾ ചെയ്യാനുമായാൽ അത് മതി. മറ്റ് കാരങ്ങളെ കുറിച്ച് വ്യാകുലപ്പെടേണ്ടതില്ല'' സെവാഗ് കൂട്ടിച്ചേര്‍ത്തു.