ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡ് പര്യടനത്തിനായി പോയ ആറ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ക്രിക്കറ്റ് ന്യൂസിലന്‍ഡാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പാകിസ്ഥാന്‍ താരങ്ങള്‍ ബയോ സെക്വയര്‍ ബബിള്‍ ലംഘിച്ചെന്ന് ക്രിക്കറ്റ് ന്യൂസിലന്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് താരങ്ങള്‍ക്ക് അവസാന താക്കീതും നല്‍കിയിരുന്നു.
അതേസമയം കൊവിഡ് സ്ഥിരീകരിച്ച കളിക്കാരുടെ പേര് വിവരം ക്രിക്കറ്റ് ന്യൂസിലന്‍ഡ് പുറത്ത് വിട്ടില്ല. ബാബര്‍ അസം നയിക്കുന്ന 53 അംഗ പാക് സ്‌ക്വാഡാണ് ന്യൂസിലന്‍ഡില്‍ എത്തിയിരിക്കുന്നത്. കൊവിഡ് 19 പ്രോട്ടോക്കോളിന്‍റെ ഭാഗമായി 14 ദിവസത്തെ ക്വാറന്‍റൈനിലാണ് സംഘം. കൊവിഡ് 19 പ്രോട്ടോക്കോള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ടീമിന്‍റെ പരിശീലനം ആരംഭിക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്.
കൊവിഡ് സ്ഥിരീകരിച്ച ആറ് പേരെയും പ്രത്യേകം ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു. മൂന്ന് ടി20 കളും രണ്ട് ടെസ്റ്റ് മത്സരങ്ങളും പര്യടനത്തിന്‍റെ ഭാഗമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ന്യൂസിലന്‍ഡില്‍ കളിക്കും. പര്യടനം ഡിസംബര്‍ 18ന് ഓക്‌ലന്‍ഡില്‍ ആരംഭിക്കും. ടി20 പരമ്പരയോടെ ആരംഭിക്കുന്ന പര്യടനത്തിന്‍റെ ഭാഗമായുള്ള ടെസ്റ്റ് മത്സരങ്ങള്‍ ഡിസംബര്‍ 26ന് തുടങ്ങും.